ബിഹാറില്‍ മുന്‍ കേന്ദ്രമന്ത്രി ആര്‍.കെ സിങ് ബിജെപി വിട്ടു

ആരയില്‍ നിന്നുള്ള മുന്‍ എംപിയാണ് ആര്‍.കെ സിങ്

Update: 2025-11-15 10:39 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിമത നീക്കം നടത്തിയവര്‍ക്കെതിരെ നടപടിയുമായി ബിജെപി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍.കെ സിങ് പാര്‍ട്ടി വിട്ടു. ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് ബിജെപി സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ അശോക് അഗര്‍വാള്‍, കത്തിഹാര്‍ മേയര്‍ ഉഷ അഗര്‍വാള്‍ എന്നിവര്‍ക്കും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertising
Advertising



''നിങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇത് അച്ചടക്കലംഘനമാണ്. പാര്‍ട്ടി ഇതിനെ ഗൗരവമായാണ് കാണുന്നത്. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്തു. നിങ്ങളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണം''- ബിഹാര്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്‍-ചാര്‍ജ് അരവിന്ദ് ശര്‍മ നല്‍കിയ നോട്ടീസില്‍ പറയുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് മുതല്‍ ആര്‍.കെ സിങ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ബിഹാറിലെ ആരയില്‍ നിന്നുള്ള മുന്‍ എംപിയാണ് സിങ്. എന്‍ഡിഎ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച സിങ് സഖ്യ കക്ഷികളുടെ പല സ്ഥാനാര്‍ഥികളുടെയും വിശ്വാസ്യത ചോദ്യം ചെയ്തിരുന്നു.

ഉപമുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാന നേതാവുമായ സാമ്രാട്ട് ചൗധരിക്ക് എതിരെയാണ് ആര്‍.കെ സിങ് പ്രധാനമായും ആരോപണമുന്നയിച്ചിരുന്നത്. ചൗധരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാളിനും എതിരെ പ്രശാന്ത് കിഷോര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ അന്വേഷണം വേണമന്ന് ആവശ്യപ്പെട്ട സിങ് ഇരുവരും പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News