Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഹൈദരാബാദ്: റോഹിംഗ്യൻ അഭയാർഥികളുടെ കുടിയേറ്റം പ്രാദേശിക യുവാക്കൾക്ക് തൊഴിലില്ലായ്മയും ആഭ്യന്തര സുരക്ഷാ വെല്ലുവിളിയും സൃഷ്ടിക്കുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സിസ്റ്റത്തിനുള്ളിലെ ചിലർ കുടിയേറ്റക്കാർക്ക് സ്ഥിരതാമസ സൗകര്യം ഒരുക്കുന്നുണ്ടെന്നും പൊലീസ്, അതിർത്തി സുരക്ഷാ സേനയേക്കാൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പവൻ കല്യാൺ പറഞ്ഞു. വിജയവാഡയിലെ ഗണ്ണവാരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പവൻ കല്യാൺ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തീവ്രവാദികളുടെ സോഫ്റ്റ് ടാർഗെറ്റുകളാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസിനും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ജാഗ്രത പാലിക്കാൻ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങളുടെ സൂചനകൾ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാന പൊലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിപിയോട് ഒരു കത്തിലൂടെ ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഭരണകൂടവുമായി ഏകോപിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഞാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ ശരിയായ നിരീക്ഷണം അപകടങ്ങൾ തടയാൻ സഹായിക്കും. തീരദേശ മേഖലകളിൽ തുടർച്ചയായ നിരീക്ഷണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. മുൻകാലങ്ങളിൽ കാക്കിനടയിൽ ബോട്ടിൽ പുറത്തുനിന്നുള്ളവർ എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.' അദ്ദേഹം പറഞ്ഞു.
'2017-18 കാലഘട്ടത്തിൽ സ്വർണ്ണപ്പണിക്കായി ധാരാളം റോഹിംഗ്യകൾ ആന്ധ്രാപ്രദേശിലെത്തി. മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യകൾ പ്രാദേശിക യുവാക്കൾക്ക് തൊഴിലില്ലായ്മ പ്രശ്നങ്ങൾ നേരിടാൻ കാരണമായി. തെലങ്കാന രൂപീകരണ സമയത്ത് ഒരു പ്രധാന മുദ്രാവാക്യമായിരുന്ന തദ്ദേശീയർക്ക് ജോലിക്ക് മുൻഗണന നൽകുക എന്നതാണ് തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഇപ്പോഴത്തെ ഒരു പ്രധാന ആവശ്യം.' പവൻ കല്യാൺ പറഞ്ഞു.
റോഹിംഗ്യകൾ ഇവിടെ സ്ഥിരതാമസമാക്കാൻ റേഷൻ കാർഡുകൾ, ആധാർ, വോട്ടർ ഐഡികൾ എന്നിവ നേടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'റോഹിംഗ്യകൾക്ക് സ്ഥിരതാമസമാക്കാൻ അനുവദിക്കുന്നതിൽ സിസ്റ്റത്തിന്റെ അശ്രദ്ധ വ്യക്തമാണ്. അവർ എങ്ങനെയാണ് ആധാർ, വോട്ടർ, റേഷൻ കാർഡുകൾ എന്നിവ നേടുന്നത്, ആരാണ് ഇതിന് സൗകര്യമൊരുക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നു. സിസ്റ്റത്തിനുള്ളിലെ ചില വ്യക്തികൾ അവരെ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാണ്.' അദ്ദേഹം പറഞ്ഞു.