ബിജെപി ഭരണകാലത്ത് വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന വർഗീയ സംഘർഷങ്ങളിലാണ് നാലു പേരും കൊല്ലപ്പെട്ടത്.

Update: 2023-06-17 16:12 GMT
Advertising

ബെം​ഗളൂരു: വർ​ഗീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കഴിഞ്ഞ വർഷങ്ങളിൽ ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട നാലു പേരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്.

ദീപക് റാവു, മുഹമ്മദ് ഫാസിൽ, മുഹമ്മദ് മഷൂദ്, അബ്ദുൽ ജലീൽ എന്നിവരുടെ കുടുംബങ്ങൾക്കാണ് സിദ്ധരാമയ്യ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന വർഗീയ സംഘർഷങ്ങളിലാണ് നാലു പേരും കൊല്ലപ്പെട്ടത്.

'എല്ലാവർക്കും തുല്യത എന്ന തത്വവുമായി മുന്നോട്ടുനീങ്ങുന്ന സർക്കാരിന് വിവേചനമില്ല. ബിജെപി ഭരണകാലത്ത് വർഗീയ സംഘർഷത്തിന് ഇരയായ മസൂദ്, ഫാസിൽ, ജലീൽ, ദീപക് റാവു എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിൽ ഒരു കാരണവശാലും വർഗീയ സംഘർഷവും പ്രകോപനവും അനുവദിക്കില്ല'- കർണാടക കോൺ​ഗ്രസ് ട്വീറ്റ് ചെയ്തു.

വർഗീയ കലാപത്തിന് ഇരയായ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണ കന്നഡ കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കൊല്ലപ്പെട്ട ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന് മാത്രം മുൻ സർക്കാർ വിവേചനപരമായി നഷ്ടപരിഹാരം നൽകിയെന്നും മുസ്‌ലിം കുടുംബങ്ങളെ അവഗണിച്ചെന്നും ന്യൂനപക്ഷ സെൽ ആരോപിച്ചു.

ദീപക് റാവു

30കാരനായ ദീപക് റാവു ഒരു മൊബൈൽ ഔട്ട്ലെറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. 2018 ജനുവരി മൂന്നിന് സൂറത്ത്കലിൽ ചില അജ്ഞാതരുടെ വെട്ടേറ്റാണ് ദീപക് റാവു കൊല്ലപ്പെട്ടത്. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദീപക്കിന്റെ വീട് സന്ദർശിച്ചിരുന്നെങ്കിലും നഷ്ടപരിഹാരമൊന്നും പ്രഖ്യാപിച്ചിരുന്നില്ല.

മുഹമ്മദ് മസ്ഹൂദ്

19കാരനായ മസ്ഹൂദിനെ കഴിഞ്ഞ ജൂലൈ 19ന് ഒരു സംഘം ബജ്‌റംഗ് ദൾ പ്രവർത്തകർ തലയിൽ സോഡാക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ജൂലൈ 21ന് മരിച്ചു.

മുഹമ്മദ് ഫാസിൽ

ജൂലൈ 27ന് ബെള്ളാരെയിൽ ബൈക്കിലെത്തിയ അജ്ഞാതർ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം മംഗളൂരു ജില്ലയിലെ ഒരു വസ്ത്രക്കടയ്ക്ക് മുന്നിൽ വച്ച് മുഹമ്മദ് ഫാസിൽ കൊല്ലപ്പെട്ടു. ഫാസിലിന്റെ കൊലപാതകത്തിൽ ഏഴു പേരാണ് പ്രതികൾ.

അബ്ദുൽ ജലീൽ

2022 ഡിസംബർ 24നാണ് സൂറത്കലിൽ കടയുടമയായ അബ്ദുൽ ജലീൽ കുത്തേറ്റു മരിച്ചത്. 45കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News