സല്‍വാ ജുദൂം നക്സലിസത്തെ തുടച്ചുനീക്കുമായിരുന്നോ? എന്താണ് ഈ പ്രസ്ഥാനം
സല്‍വാ ജുദൂമിന്‍റെ പ്രവര്‍ത്തനം റദ്ദാക്കിയ ഉത്തരവുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായുടെ പ്രസ്താവന
ഡൽഹി: ഇൻഡ്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങൾ വിവാദമായിരുന്നു. സല്‍വാ ജുദൂമിന്‍റെ പ്രവര്‍ത്തനം റദ്ദാക്കിയ ഉത്തരവുമായി ബന്ധപ്പെട്ടായിരുന്നു ഷായുടെ പ്രസ്താവന. ആ വിധിയില്ലായിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷം മുമ്പേ നക്‌സലിസം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു എന്നും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെഡ്ഡി വിധി പ്രസ്താവിച്ചതെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും ഷാക്കെതിരെ രംഗത്തെത്തിയിരുന്നു. നിര്‍ഭാഗ്യകരമായ പ്രസ്താവനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. സല്‍വ ജുദൂം വിധി നക്‌സലിസത്തെ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സ്ഥാനങ്ങള്‍ക്ക് കളങ്കം വരുത്തുമെന്നും പ്രതികരിച്ചിരുന്നു.
എന്താണ് സൽവ ജുദൂം
2005ൽ നക്സലുകളെ നേരിടാൻ ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്പോൺസര്‍ഷിപ്പോടെ രൂപീകരിച്ച സായുധസംഘമാണ് സൽവ ജുദൂം. കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമയുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ആദിവാസി യുവാക്കൾക്ക് ശമ്പളം നൽകിയാണ് സൽവാ ജുദും വിപുലീകരിച്ചത്. തുടക്കത്തിൽ പ്രസ്ഥാനത്തിന് പ്രാദേശിക വ്യാപാരികളുടെയും ബിസിനസ് സമൂഹത്തിന്‍റെയും പിന്തുണ ലഭിച്ചു താമസിയാതെ സംസ്ഥാന സർക്കാരിന്‍റെയും പിന്തുണയുണ്ടായി.
പ്രധാനമായും ഛത്തീസ്ഗഡിലെ ബസ്തർ, ദന്തേവാഡ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു സൽവാ ജുദൂമിന്‍റെ പ്രവര്‍ത്തനം.മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് അധികാരികൾ പലപ്പോഴും ഗ്രാമീണരായ ആദിവാസികളെ ഉൾപ്പെടുത്താറുണ്ടായിരുന്നു. സാൽവ ജുദൂമിൽ തുച്ഛമായ ശമ്പളത്തിന് നിരവധി ആദിവാസി യുവാക്കളെ എസ്‌പിഒമാരായി നിയമിച്ചു. ഇവരിൽ പലരും ഇതിന് തയ്യാറല്ലായിരുന്നു.
മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് പ്രദേശം മോചിപ്പിക്കുന്നതിനായി രാഷ്ട്രസേവനത്തിൽ ചേർന്നെങ്കിലും ആയുധ ഉപയോഗത്തിൽ പരിശീലനം ലഭിച്ചിട്ടില്ലെന്നും മാവോയിസ്റ്റുകളെ തുരത്തുന്നതിലുപരി സ്വയം പ്രതിരോധിക്കാൻ പോലും കഴിയുന്നില്ലെന്നും നിരവധി എസ്‌പിഒമാർ പരാതിപ്പെട്ടിരുന്നു. പലരും അമ്പും വില്ലും രണ്ടാം ലോകമഹായുദ്ധകാലത്തെ കാലഹരണപ്പെട്ട വിന്‍റേജ് 303 റൈഫിളുകളോ ആണ് ഉപയോഗിച്ചിരുന്നത്.
നക്സലൈറ്റുകൾക്കെതിരായ സർക്കാർ പിന്തുണയുള്ള ജനകീയ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായിട്ടാണ് ഈ നക്സലൈറ്റ് വിരുദ്ധ പ്രസ്ഥാനം ആദ്യം ആരംഭിച്ചതെങ്കിലും കാലങ്ങൾ കഴിഞ്ഞതോടെ പ്രസ്ഥാനം കൂടുതൽ അക്രമാസക്തവും നിയന്ത്രണാതീതവുമായി. സാൽവ ജുദൂം 600 ലധികം ഗ്രാമങ്ങൾ കത്തിച്ചുവെന്നും 300,000 ആളുകളെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയെന്നും ആരോപിക്കപ്പെടുന്നു. 2008ന്‍റെ തുടക്കത്തിൽ, നക്സലൈറ്റുകളും സാൽവ ജുദൂം തമ്മിലുള്ള സംഘർഷത്തിൽ കുടുങ്ങിയ കുറഞ്ഞത് 100,000 സാധാരണക്കാരെങ്കിലും തെക്കൻ ഛത്തീസ്ഗഡിലെയോ അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലെയോ ക്യാമ്പുകളിലേക്ക് പലായനം ചെയ്തു. 2008 മധ്യത്തോടെ ആ കണക്ക് 150,000 ആയി വർധിച്ചു.
സമാധാനപരമായ ഒരു പ്രചാരണമായിരുന്നില്ല മറിച്ച് നക്സലുകൾക്കെതിരായ പോരാട്ടത്തിൽ സാൽവ ജുദൂം പ്രവർത്തകർ തോക്കുകൾ, ലാത്തികൾ, വില്ലുകൾ, അമ്പുകൾ എന്നിവ പ്രയോഗിച്ചിരുന്നതായി വിവിധ മനുഷ്യാവകാശ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ഉഭയകക്ഷി പിന്തുണയോടെ സാൽവ ജുദൂമിന്‍റെ ശക്തി വളർന്നപ്പോൾ, ആളുകളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോകൽ, നിർബന്ധിത കുടിയേറ്റം, അക്രമം എന്നിവയുൾപ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
2008-ൽ ആസൂത്രണ കമ്മീഷന്‍റെ ഒരു വിദഗ്ധ സംഘം പുറത്തിറക്കിയ റിപ്പോർട്ടിൽ, നക്സലൈറ്റുകൾ തങ്ങളുടെ പരമ്പരാഗത ജീവിതശൈലിയിൽ ഗുരുതരമായി ഇടപെട്ടപ്പോൾ പല സ്ഥലങ്ങളിലും തദ്ദേശവാസികൾ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതായി പറയുന്നു. 2008ൽ ബസ്തർ, ദന്തേവാഡ ജില്ലകളിലെ സൽവാ ക്യാമ്പുകൾ 23 ആയി കുറഞ്ഞിരുന്നു.
എന്നിരുന്നാലും, ഈ ഗ്രൂപ്പുകൾ കാലക്രമേണ അധികാരികൾ സ്പോൺസർ ചെയ്യുന്ന ജാഗ്രതാ ഗ്രൂപ്പുകളായി പരിവർത്തനം ചെയ്തു.ചില അംഗങ്ങളെ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയമിക്കുമ്പോൾ, അവരിൽ ചിലർക്ക് ആയുധ പരിശീലനം നൽകുകയും തോക്കുകൾ നൽകുകയും ചെയ്തിരുന്നു. ജാഗ്രതാ സംഘങ്ങൾ സായുധ നക്സലൈറ്റ് ഗ്രൂപ്പുകളുമായി പോരാടുകയും ആദിവാസികളെ ആദിവാസികൾക്കെതിരെ പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സല്‍വാ ജുദൂം പിരിച്ചുവിടുന്നു
2011 ഫെബ്രുവരിയിലാണ് സുപ്രിം കോടതി സാൽവാ ജുദൂം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പ്രസ്ഥാനം പിരിച്ചുവിടാൻ ഉത്തരവിടുകയും ചെയ്തത്. ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും രൂപത്തിലോ രീതിയിലോ എസ്‌പിഒമാരെ ഉപയോഗിക്കുന്നത് നിർത്താനും എസ്‌പിഒമാർക്ക് നൽകിയ എല്ലാ തോക്കുകളും തിരിച്ചെടുക്കാനും ഇരയായ സമൂഹങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകാനും മനുഷ്യാവകാശ ലംഘന കേസുകൾ അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യാനും കോടതി ഛത്തീസ്‍ഗഡ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ദന്തേവാഡ ജില്ലയിൽ സാൽവ ജുദൂം വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് നന്ദിനി സുന്ദർ, രാമചന്ദ്ര ഗുഹ, ഇ.എ.എസ് ശർമ്മ എന്നിവർ സമർപ്പിച്ച ഹരജിയിലായിരുന്നു സുപ്രിം കോടതി വിധി.
ഗ്രാമങ്ങൾ കത്തിക്കൽ, ബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ആരോപണങ്ങൾ കോടതി പരിഗണിച്ചു.മൂന്ന് ഗ്രാമങ്ങളിലായി 300 വീടുകൾ കത്തിച്ചുവെന്നും, സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും പുരുഷന്മാരെ കൊന്നുവെന്നും സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്നിവേശ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളോടുള്ള സംസ്ഥാനത്തിന്‍റെ പ്രതികരണം അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനുപുറമെ, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന 1,200 എസ്‌പിഒമാരെ സസ്‌പെൻഡ് ചെയ്തതായും 22 എസ്‌പിഒമാർക്കെതിരെ ക്രിമിനൽ പ്രവര്‍ത്തനങ്ങൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും സംസ്ഥാനത്തിന്‍റെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയതിന് പുറമേ, എസ്‌പിഒമാരുടെ പരിശീലനം, നിയന്ത്രണം, ഉത്തരവാദിത്തം എന്നിവയുടെ സ്വഭാവത്തെയും കോടതി ചോദ്യം ചെയ്തിരുന്നു.
2013 മെയ് 25 ന്, ഛത്തീസ്ഗഡിലെ ദർഭ താഴ്‌വരയിൽ നടന്ന നക്സലൈറ്റ് ആക്രമണത്തിൽ മഹേന്ദ്ര കർമ്മയും ഏകദേശം രണ്ട് ഡസനോളം പാർട്ടി നേതാക്കളും അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.