മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ; 'ഒരേ സമയം റഷ്യക്കും യുക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി'

റഷ്യ -യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 2022ൽ താൻ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ശശി തരൂർ പറഞ്ഞു.

Update: 2025-03-19 06:44 GMT

ന്യൂ‍ഡ‍ൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. ഒരേ സമയം റഷ്യക്കും യുക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രിയാണെന്നാണ് പ്രശംസ. റഷ്യ -യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട മുൻ നിലപാട് തിരുത്തിയാണ് തരൂരിന്റെ പുതിയ പരാമർശം. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന റേസിന ഡയലോഗിലായിരുന്നു തരൂരിന്റെ പ്രസ്താവന. ‍

2022ൽ താൻ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ശശി തരൂർ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലന്നായിരുന്നു തരൂരിന്റെ മുൻ വിമർശനം. ഇരു രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചതല്ലാതെ മോദി യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്നും തരൂർ അന്ന് പറഞ്ഞിരുന്നു. ഈ നിലപാട് തെറ്റായിപ്പോയെന്നാണ് തരൂരിന്റെ പുതിയ വാദം.

Advertising
Advertising

നേരത്തെ, ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും തരൂർ മോദിയെ പുകഴ്ത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയായിരുന്നു തരൂരിന്‍റെ വാക്കുകള്‍. 'മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്'- എന്നായിരുന്നു ട്രംപിന്‍റെ പുകഴ്ത്തല്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞെങ്കില്‍, അത് വെറുതെയാവില്ലെന്നായിരുന്നു തരൂരിന്‍റെ മറുപടി. ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ക്ക് അപമാനിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി തീര്‍ച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അനധികൃതമായി കുടിയേറിയവരെ നിങ്ങള്‍ക്ക് തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാം, ഞങ്ങള്‍ അവരെ നോക്കും, അവര്‍ ഞങ്ങളുടെ പൗരന്‍മാരാണ്. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ അവരെ അയയ്ക്കുന്നത് ശരിയല്ല'- എന്ന് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും വാസ്തവം അറിയില്ലെന്നുമാണ് തരൂര്‍ കഴിഞ്ഞമാസം 15ന് പ്രതികരിച്ചത്.

അന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി പാർട്ടിക്ക് വിരുദ്ധമായി സംസാരിക്കരുതെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാതെയാണ് വീണ്ടും മോദിയെ പുകഴ്ത്തി തരൂർ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യസഭയിലും ലോക്‌സഭയിലുമടക്കം കോൺഗ്രസ് നേതാക്കൾ മോദിക്കും കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വലിയ വിമർശനവുമായി മുന്നോട്ടുപോവുമ്പോൾ അതിനു വിരുദ്ധമായി മോദി സ്തുതി നടത്തുന്ന തരൂരിന്റെ നിലപാട് പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതിയിലെ ഒരു മുതിർന്ന നേതാവ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലൂടെ പാർട്ടി കടുത്ത പ്രതിരോധത്തിലാവുമെന്ന് വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറയുന്നതെന്നായിരുന്നു മുൻ വിവാദ നിലപാടുകളിൽ തരൂരിന്റെ വിശദീകരണം. അതേസമയം, തരൂരിന്റെ പുതിയ മോദി വാഴ്ത്തലിൽ ഇതുവരെ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാരിനെയും പുകഴ്ത്തി തരൂർ പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News