യുപി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിനെതിരായ ഹരജികളിൽ വിധി ഇന്ന്

ദേശീയ ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണ് താല്‍പര്യമെന്ന് കോടതി ചോദിച്ചിരുന്നു.

Update: 2024-11-05 01:09 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ  ഉത്തരവിനെതിരായ ഹരജികളിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ എട്ട് ഹരജികൾ ആണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത് . കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ ദേശീയ ബാലവകാശ കമ്മീഷനെയും സുപ്രിം കോടതി വിമർശിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണ് താല്‍പര്യമെന്ന് കോടതി ചോദിച്ചിരുന്നു.

കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്ന് കോടതി ആരാഞ്ഞു. ഒരു മതത്തിന്‍റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? കുട്ടികളെ സന്ന്യാസി മഠങ്ങളിലേക്ക് അയക്കുന്നതിൽ നിർദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ്റെ ശിപാർശ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിനുപിന്നാലെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൃത്യമായ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്റ്റേ ചെയ്തത്. യുപി സർക്കാരിനെതിരായ ജംഇയ്യത്തുൽ ഉലമായെ ​ഹിന്ദിൻ്റെ ഹരജിയിലായിരുന്നു നടപടി.

Advertising
Advertising

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് കമ്മീഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News