'സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചാൽ നടപടി'; വിവാദ ഉത്തരവുമായി യു.പി സർക്കാർ

ജനാധിപത്യത്തെ കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

Update: 2023-08-19 09:57 GMT
Advertising

ലഖ്‌നോ: സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്ന നെഗറ്റീവ് വാർത്തകൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് യു.പി സർക്കാരിന്റെ നിർദേശം. വികലമാക്കിയതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാൽ വാർത്ത നൽകിയ മാധ്യമസ്ഥാപനത്തോട് വിശദീകരണം തേടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ എക്‌സ്പ്രസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

'വളച്ചൊടിച്ചതോ കൃത്യമല്ലാത്തതോ ആയ വസ്തുതകളുടെ അടിസ്ഥാനത്തിൽ നിഷേധാത്മകമായ വാർത്തകൾ പ്രസിദ്ധീകരിച്ച് സംസ്ഥാന സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പ്രതിച്ഛായ തകർക്കാൻ ഏതെങ്കിലും മാധ്യമം ശ്രമിച്ചതായി കണ്ടെത്തിയാൽ, ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് മാനേജറോട് വിശദീകരണം തേടും'-ഉത്തരവിൽ പറയുന്നു.

സംസ്ഥാന ഇൻഫർമേഷൻ വകുപ്പാണ് വാർത്തകൾ പരിശോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ അതുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറുക. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതെന്ന് സംശയിക്കുന്ന വാർത്തകൾ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം (ഐ.ജി.ആർ.എസ്) പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും അതത് ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുകൾ, വകുപ്പ് മേധാവികൾ എന്നിവർക്ക് നടപടിക്കായി കൈമാറുമെന്നും ഉത്തരവിൽ പറയുന്നു.

ഫാക്ട് ചെക്കിങ് മാത്രമാണ് ഉത്തരവിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പല വാർത്തകളും സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിലാണ് പ്രചരിക്കുന്നത്. അത്തരം വാർത്തകളുടെ വസ്തുത പരിശോധിക്കുക എന്നത് മാത്രമാണ് സർക്കുലറിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിചിത്ര ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ജനാധിപത്യത്തെ കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. ഇന്ന് അവർ മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുകയാണ്. നാളെ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരേയും നടക്കുമെന്നും അദ്ദേഹം  പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News