ഷമിയെ വിമർശിച്ച ഷഹാബുദ്ദീൻ റസ്‌വി മോദി അനുകൂലി; അഖണ്ഡ ഭാരതം യാഥാർഥ്യമാക്കണമെന്ന് ആഹ്വാനം ചെയ്തു
റമദാൻ മാസത്തിൽ കളിക്കിടെ വെള്ളം കുടിച്ച ഷമി വലിയ കുറ്റവാളിയാണ് എന്നായിരുന്നു റസ്‌വി ഇന്ന് പറഞ്ഞത്.
ന്യൂഡൽഹി: കളിക്കിടെ വെള്ളം കുടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിമർശിച്ച ഷഹാബുദ്ദീൻ റസ്‌വി ബറേൽവി മോദി അനുകൂലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു. അഖണ്ഡ ഭാരതം യാഥാർഥ്യമാക്കാൻ ഇരുവരും മുന്നിട്ടിറങ്ങണമെന്ന് നേരത്തെ ഷഹാബുദ്ദീൻ റസ്വി ആവശ്യപ്പെട്ടിരുന്നു.
ആൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത്(എഐഎംജെ) ദേശീയ അധ്യക്ഷനാണ് മൗലാനാ ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. കഴിഞ്ഞ സെപ്റ്റംബറിൽ വാർത്താ ഏജൻസിയായ 'ഐഎഎൻഎസി'നോട് സംസാരിക്കുന്നതിനിടെയാണ് അഖണ്ഡ ഭാരത സ്വപ്നങ്ങൾ റസ്‌വി പങ്കുവച്ചത്. 'കേന്ദ്രത്തിൽ ബിജെപി സർക്കാരാണു ഭരിക്കുന്നത്. ഡൽഹിയിൽനിന്ന് പ്രധാനമന്ത്രി മോദിയും യുപിയിൽ യോഗി ആദിത്യനാഥും നല്ല ഭരണത്തിലൂടെ ആഗോള പ്രശംസ ഏറ്റുവാങ്ങുകയാണ്. അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിവുള്ള രണ്ടു മഹദ് വ്യക്തികളാണു രണ്ടുപേരും. ആ വഴിയിൽ വേണ്ട നടപടികളിലേക്ക് ഇരുവരും കടക്കണം' - അഭിമുഖത്തിൽ റസ്വി ആവശ്യപ്പെട്ടു.
സിന്ധ് നേരത്തെ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1947ലെ വിഭജനത്തിനുശേഷമാണ് സിന്ധ് പാകിസ്താനിലേക്കു പോയത്. പാകിസ്താൻ മാത്രമല്ല, അഫ്ഗാനിസ്താനും ബംഗ്ലാദേശും അഖണ്ഡ ഭാരതത്തിന്റെ ഭാഗമാകണം. മുമ്പ് രാജ്യത്തിന്റെ ഭാഗമായിരുന്ന ഇവയെല്ലാം ഒരിക്കൽകൂടി ഭാരതത്തിനൊപ്പം ചേരണമെന്നും ഷഹാബുദ്ദീൻ റസ്വി ആവശ്യപ്പെട്ടിരുന്നു.
പുതുവത്സരാഘോഷം മതവിരുദ്ധമാണെന്നും വിശ്വാസികൾ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും കഴിഞ്ഞ ഡിസംബറിൽ റസ്‌വി ആഹ്വാനം ചെയ്തത് സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും വിവാദമാക്കിയിരുന്നു. ഇത്തരം ആത്സരാഘോഷങ്ങൾ ഇസ്ലാമിക പാരമ്പര്യത്തിന്റെ ഭാഗമല്ല. മുസ്ലിംകൾ പുതുവത്സരാഘോഷങ്ങളെ അഭിമാനത്തോടെ കാണരുത്. പരസ്പരം ആശംസകൾ അർപ്പിക്കുകയും ചെയ്യരുത്. ഇസ്ലാമിക അധ്യാപനങ്ങൾക്കു വിരുദ്ധമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു പകരം യുവാക്കൾ വിശ്വാസത്തിന്റെ ഭാഗമായ മതചടങ്ങുകളിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എബിപി ന്യൂസ്, ആജ് തക്, റിപബ്ലിക് ഭാരത് ഉൾപ്പെടെയുള്ള ദേശീയ ചാനലുകൾ ഷഹാബുദ്ദീൻ റസ്വിയുടെ ആഹ്വാനം വാർത്തയാക്കി. ഓപ്ഇന്ത്യ ഉൾപ്പെടെയുള്ള സംഘ്പരിവാർ അനുകൂല ന്യൂസ്പോർട്ടലുകളും ഇത് ഏറ്റുപിടിച്ച് പുതുവത്സ വിരുദ്ധ ഫത്വ എന്ന പേരിൽ ആഘോഷിച്ചിരുന്നു. സോഷ്യൽ മീഡിയയിലും വിദ്വേഷ പ്രചാരണത്തിന് പരാമർശം ഉപയോഗിക്കപ്പെട്ടു.
കളിക്കിടെ വെള്ളം കുടിച്ചതിന് മുഹമ്മദ് ഷമിക്കെതിരെ വലിയ സൈബർ ആക്രമണം നടക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് റസ്‌വി ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റമദാനിൽ വ്രതമെടുക്കാതെ വെള്ളം കുടിച്ച ഷമി വലിയ കുറ്റവാളിയാണ് എന്നായിരുന്നു റസ്‌വി പറഞ്ഞത്. വ്രതമെടുക്കാത്ത ഷമി കുറ്റം ചെയ്തുവെന്നും ഇതിന് ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Bareilly, UP: President of All India Muslim Jamaat, Maulana Shahabuddin Razvi Bareilvi says, "...One of the compulsory duties is 'Roza' (fasting)...If any healthy man or woman doesn't observe 'Roza', they will be a big criminal...A famous cricket personality of India,… pic.twitter.com/RE9C93Izl2
— ANI (@ANI) March 6, 2025