തരൂരിനെ കൈവിടില്ല; പ്രവർത്തക സമിതി അംഗമാക്കുമെന്ന് റിപ്പോർട്ട്

അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും മത്സരത്തിനില്ല

Update: 2022-09-23 06:40 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിലെ വിധി എന്തായാലും ശശി തരൂരിനെ കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഈയാഴ്ച തരൂർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു.

'ജി23 നേതാക്കൾക്കൊപ്പം നിൽക്കുമ്പോൾ തന്നെ ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ച നേതാവാണ് തരൂർ. ഗാന്ധി കുടുംബം അദ്ദേഹത്തിന്റെ കഴിവിനെ അഭിന്ദിക്കുന്നു. അദ്ദേഹം കോൺഗ്രസ് വിടാൻ തീരുമാനിച്ചാലുള്ള ആഘാതത്തെ കുറിച്ചും നേതൃത്വത്തിന് ബോധ്യമുണ്ട്' - കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം പറയുന്നു. പ്രവര്‍ത്തക സമിതി അംഗത്വം കൊണ്ട് തരൂരിനെ തൃപ്തിപ്പെടുത്താനാകും എന്നാണ് നേതൃത്വം കരുതുന്നത്. 

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽനിന്ന് ആരും മത്സരിക്കാത്ത സാഹചര്യത്തിൽ തരൂർ ഗോദയിലിറങ്ങുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി അസന്നിഗ്ധമായി അറിയിച്ചിട്ടുണ്ട്.

പാർട്ടിയിൽ സമ്പൂർണമായ അഴിച്ചുപണി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ ജി 23 നേതാക്കളുടെ പിന്തുണയാണ് തരൂരിനുള്ളത്. സൽമാൻ സോസ്, സന്ദീപ് ദീക്ഷിത്, മനീഷ് തിവാരി, പൃത്ഥ്വിരാജ് ചവാൻ, ആനന്ദ് ശർമ്മ, അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയ വൻകിട നേതാക്കളുടെ പിന്തുണ തരൂരിനുണ്ട്. എന്നാല്‍, സ്വന്തം തട്ടകമായ കേരളത്തിൽ നിന്നുള്ള പിന്തുണ ഉറപ്പാക്കാൻ തരൂരിനായിട്ടില്ല. നെഹ്‌റു കുടുംബം നിർത്തുന്ന സ്ഥാനാർത്ഥിയെ ആകും കേരളത്തിൽ നിന്നുള്ള നേതാക്കൾ പിന്തുണയ്ക്കുക. കെ. മുരളീധരൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്.

പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന, രാജസ്ഥാനിൽനിന്നുള്ള ഗൗരവ് വല്ലഭ് തരൂരിനെതിരെ രംഗത്തുവന്നത് ശ്രദ്ധേയമായി. കഴിഞ്ഞ എട്ടു വർഷം തരൂർ പാർട്ടിക്കു നൽകിയ സംഭാവന പാർട്ടി അധ്യക്ഷയ്ക്ക് കത്തെഴുതുകയാണ് എന്നാണ് ഗൗരവ് ട്വീറ്റു ചെയ്തത്.

അതിനിടെ, പാർട്ടി പ്രസിഡണ്ട് പദവിയും രാജസ്ഥാൻ മുഖ്യമന്ത്രി പദവും ഒന്നിച്ചു കൊണ്ടുപോകാനുള്ള അശോക് ഗെലോട്ടിന്റെ നീക്കത്തിന് രാഹുൽ തടയിട്ടു. പാർട്ടിയിൽ ഒരു പദവി മതി എന്നാണ് രാഹുലിന്റെ നിലപാട്. മുഖ്യമന്ത്രി പദം സ്പീക്കർ സി.പി ജോഷിക്ക് നൽകാൻ ഗെലോട്ട് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സച്ചിൻ പൈലറ്റ് തന്നെ മുഖ്യമന്ത്രിയാകും എന്നാണ് റിപ്പോർട്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News