"അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്, അവഗണിക്കുന്നത് ശരിയല്ല"; പിടി ഉഷക്കെതിരെ ശശി തരൂർ

വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പോലും പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി മാലിക്കും വെളിപ്പെടുത്തിയിരുന്നു

Update: 2023-04-28 08:39 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഗുസ്തി ഫെഡറഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പരസ്യ പ്രതിഷേധത്തെ വിമർശിച്ച രാജ്യത്തെ ഒളിമ്പിക്‌സ് ബോഡി ചീഫ് പി ടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പിടി ഉഷയുടെ പ്രസ്താവന. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ കുറ്റങ്ങൾ അന്വേഷിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ടിനായി കാത്തുനിൽക്കാത്തതിന് ഗുസ്തി താരങ്ങളെ പിടി ഉഷ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇതിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. "പ്രിയപ്പെട്ട പിടി ഉഷ, ആവർത്തിച്ചുള്ളതും അനാവശ്യവുമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ നിങ്ങളുടെ സഹ കായികതാരങ്ങളുടെ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് നിങ്ങൾക്ക് യോജിച്ചതല്ല. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം ഒരിക്കലും രാജ്യത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കില്ല. അവരെ കേൾക്കുന്നതിനും അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനും പകരം അവരുടെ ആശങ്കകളെ അവഗണിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്"; തരൂർ കുറിച്ചു. 

കായികതാരങ്ങൾ തെരുവിൽ പ്രതിഷേധിക്കരുതായിരുന്നു എന്നും കമ്മിറ്റിയുടെ റിപ്പോർട്ടിന് വേണ്ടിയെങ്കിലും കാത്തിരിക്കണമായിരുന്നു എന്നുമാണ് പിടി ഉഷ പറഞ്ഞിരുന്നത്. അവർ ചെയ്തത് സ്പോർട്സിനും രാജ്യത്തിനും നല്ലതല്ല. ഇത് നിഷേധാത്മക സമീപനമാണെന്നും പിടി ഉഷ പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെ കടുത്ത വിമർശനങ്ങളാണ് പിടി ഉഷാക്കെതിരെ ഉയരുന്നത്. 

പി.ടി ഉഷക്കെതിരെ ബജ്രംഗ് പുനിയ രംഗത്ത് വന്നിരുന്നു. ഇത്രയും കടുത്ത പ്രതികരണം പി.ടി ഉഷയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്നും ബജ്രംഗ് പുനിയ പറഞ്ഞു. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പോലും പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി മാലിക്കും വെളിപ്പെടുത്തി. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും തങ്ങൾ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തുന്നതെന്നും സാക്ഷി വ്യക്തമാക്കി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കമ്മിറ്റിയിൽ തങ്ങൾ മൊഴി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും സാക്ഷി കുറ്റപ്പെടുത്തി.

മൂന്ന് മാസമായി നീതിക്കായി പോരാടുന്നുവെന്നും പി.ടി ഉഷ തങ്ങള്‍ക്കൊപ്പം നിൽക്കുമെന്നാണ് കരുതിയതെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണ്. തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ തങ്ങൾ സമരം തുടരുമെന്നും താരങ്ങള്‍ പറഞ്ഞു. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. താരങ്ങൾക്ക് ജാവലിൻ താരം നീരജ് ചോപ്രയും പിന്തുണ അറിയിച്ചിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News