'ടാറ്റ ഏറ്റെടുത്തതിന് ശേഷം മെച്ചപ്പെട്ടെന്നാണ് കരുതിയത്, എന്നാലത് തെറ്റി'; എയർ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ

ഭോപ്പാലിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിക്ക് പൊട്ടിയ സീറ്റ് നല്‍കിയത്

Update: 2025-02-22 07:34 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ പൊട്ടിയ സീറ്റ് അനുവദിച്ചതിനെതിരെ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിക്ക് പൊട്ടിയ സീറ്റ് നല്‍കിയത്. ഇത്തരമൊരു മോശം അനുഭവം യാത്രക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം വിമാനത്തിനകത്ത് വെച്ച് തന്നെ ജീവനക്കാരെ ധരിപ്പിച്ചെന്നും പൊട്ടിയ സീറ്റില്‍ എന്തുകൊണ്ട് ടിക്കറ്റ് അനുവദിച്ചു എന്ന് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ച് അദ്ദേഹം എക്സില്‍ കുറിപ്പിടുകയും ചെയ്തു. അതേസമയം  മന്ത്രിക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും എയർലൈൻ അറിയിക്കുന്നു. എന്നാല്‍ തനിക്ക് മാത്രമല്ല, സമാനമായ സീറ്റുകൾ വേറെയും കണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertising
Advertising

' സഹയാത്രികർ എൻ്റെ സീറ്റ് മാറ്റി മെച്ചപ്പെട്ടൊരു സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ചു, പക്ഷേ എൻ്റെ പേരിൽ മറ്റൊരു സുഹൃത്തിനെ ഞാൻ എന്തിന് ബുദ്ധിമുട്ടിക്കണം? ഇതേ സീറ്റിൽ ഇരുന്നുകൊണ്ട് യാത്ര പൂർത്തിയാക്കാം എന്ന് ഞാൻ തീരുമാനിച്ചു, ടാറ്റ മാനേജ്‌മെൻ്റ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെടുമെന്നായിരുന്നു എൻ്റെ ധാരണ, പക്ഷേ അത് തെറ്റായിരുന്നു'- അദ്ദേഹം എക്സില്‍ കുറിച്ചു. 

ഭാവിയിൽ ഒരു യാത്രക്കാരനും ഇത്തരം അസൗകര്യങ്ങൾ നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യ മാനേജ്‌മെൻ്റ് നടപടികൾ സ്വീകരിക്കുമോ അതോ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള യാത്രക്കാരുടെ നിർബന്ധം മുതലെടുക്കുന്നത് ഇത്തരം സീറ്റുമായി എയര്‍ഇന്ത്യ മുന്നോട്ട് പോകുമോ എന്നും അദ്ദേഹം ചോദിച്ചു. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് സാധാരണയായി ഒന്നര മണിക്കൂറാണ് സമയം. 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News