ബി.ജെ.പി സീറ്റ് നല്‍കിയില്ല, സ്വതന്ത്രനായി നാളെ പത്രിക നല്‍കുമെന്ന് മനോഹർ പരീക്കറുടെ മകൻ ഉത്പൽ

രണ്ട് പതിറ്റാണ്ടിലേറെയായി മനോഹർ പരീക്കറാണ് പനാജിയില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്

Update: 2022-01-26 18:53 GMT

ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. ബി.ജെ.പി മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതോടെയാണ് ഉത്പല്‍ പാര്‍ട്ടി വിട്ടത്. പനാജിയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഉത്പല്‍ പറഞ്ഞു.

പാർട്ടി വിടുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് ഉത്പല്‍ പറഞ്ഞു. മണ്ഡലത്തിൽ ബി.ജെ.പി മികച്ച സ്ഥാനാർഥിയെ മത്സരിപ്പിച്ചാല്‍ പിന്മാറാന്‍ താന്‍ തയ്യാറാണ്. പിതാവിന്‍റെ എതിരാളിയായിരുന്ന മോണ്‍സറേറ്റിനെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് വ്യക്തമാക്കി ഉത്പല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടാണ് 2019ല്‍ മോണ്‍സറേറ്റ് ബി.ജെ.പിയിലെത്തിയത്. കൗമാരക്കാരിയെ ബലാത്സംഗം ചെയ്തു എന്നതുള്‍പ്പെടെയുള്ള ക്രിമിനൽ കേസുകൾ മോൺസെറേറ്റ് നേരിടുന്നുണ്ട്.

Advertising
Advertising

രണ്ട് പതിറ്റാണ്ടിലേറെയായി മനോഹർ പരീക്കറാണ് പനാജിയില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്. ബി.ജെ.പി എപ്പോഴും തന്റെ ഹൃദയത്തിലുണ്ടെന്നും പാർട്ടിയുടെ ആത്മാവിന് വേണ്ടിയാണ് താൻ പോരാടുന്നതെന്നും ഉത്പല്‍ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമില്ല. ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. പാർട്ടി പനാജിയിൽ നിന്ന് ഒരു നല്ല സ്ഥാനാർഥിയെ നിർത്തിയാൽ തീരുമാനം പിൻവലിക്കാൻ തയ്യാറാണ്. സംഘടന എന്ന നിലയിൽ ബി.ജെ.പി ഗോവയിൽ തകരുകയാണെന്നും ഉത്പല്‍ പറഞ്ഞു.

2019ല്‍ പിതാവിന്റെ മരണത്തെ തുടർന്ന് പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും തനിക്ക് ടിക്കറ്റ് നിഷേധിച്ചെന്ന് ഉത്പല്‍ പറഞ്ഞു. പിന്തുണയുണ്ടായിരുന്നിട്ടും ടിക്കറ്റ് നിഷേധിക്കപ്പെട്ടു. അന്ന് പാർട്ടിയെ വിശ്വസിക്കുകയും തീരുമാനത്തെ മാനിക്കുകയും ചെയ്തെന്നും ഉത്പല്‍ പറഞ്ഞു.

ഫെബ്രുവരി 14നാണ് ഗോവയില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് എം.എൽ.എമാരെ കൂട്ടത്തോടെ ബി.ജെ.പിയിലെത്തിച്ചു. അതുകൊണ്ടുതന്നെ കോൺ​ഗ്രസ് സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളില്‍ എത്തിച്ച്, കൂറുമാറില്ലെന്ന് സത്യം ചെയ്യിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News