ബി.ആർ.എസ് ഓഫീസ് ഉദ്ഘാടനത്തിൽ എസ്.പി, ആർ.ജെ.ഡി, ജെ.ഡി.എസ് നേതാക്കൾ പങ്കെടുക്കും

ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്ന കെ.സി.ആർ ഡിസംബർ ഒമ്പതിനാണ് ടി.ആർ.എസിന്റെ പേര് ഭാരത് രാഷ്ട്ര സമിതി എന്ന് മാറ്റിയത്.

Update: 2022-12-13 10:46 GMT
Advertising

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രൂപീകരിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)യുടെ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ എസ്.പി, ആർ.ജെ.ഡി, ജെ.ഡി.എസ് നേതാക്കൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിലെ സർദാർ പട്ടേൽ മാർഗിലാണ് പുതിയ ഓഫീസ് തുറക്കുന്നത്. ബുധനാഴ്ചയാണ് ഉദ്ഘാടനം.

തെലങ്കാന മന്ത്രി വി. പ്രശാന്ത് റെഡ്ഢിയാണ് ഡൽഹിയിൽ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 12.37നും 12.47നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രശാന്ത് റെഡ്ഢി പറഞ്ഞു.

ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി എന്നിവർ ഉദ്ഘാടനത്തിനെത്തുമെന്നാണ് ടി.ആർ.എസ് നേതൃത്വം പറയുന്നത്. പഞ്ചാബ്, ഹരിയാന, യു.പി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കർഷക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രശാന്ത് റെഡ്ഢി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്ന കെ.സി.ആർ ഡിസംബർ ഒമ്പതിനാണ് ടി.ആർ.എസിന്റെ പേര് ഭാരത് രാഷ്ട്ര സമിതി എന്ന് മാറ്റിയത്. സർദാർ പട്ടേൽ മാർഗിലെ താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. വസന്ത് വിഹാറിൽ സ്വന്തം ഓഫീസ് കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് പ്രശാന്ത് റെ്ഡ്ഢി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News