ബിജെപി നേതാവിന്‍റെ പരാതി: മുനാവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി

ബിജെപിയുടെ ഹരിയാനയിലെ ഐടി മേധാവി അരുണ്‍ യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2021-12-07 08:00 GMT

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയെ ഗുരുഗ്രാമില്‍ നടക്കാനിരിക്കുന്ന മൂന്ന് ദിവസത്തെ കോമഡി ഷോയില്‍ നിന്ന് ഒഴിവാക്കി. ബിജെപിയുടെ ഹരിയാനയിലെ ഐടി മേധാവി അരുണ്‍ യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മുനാവര്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നാണ് അരുണ്‍ യാദവിന്‍റെ പരാതിയില്‍ പറയുന്നത്- "മുനാവര്‍ എന്‍റെ മതവിശ്വാസത്തെ വ്രണപ്പെടുത്തി. സാമുദായിക ഐക്യം തകര്‍ക്കാന്‍ മനപ്പൂർവം ചെയ്തതാണിത്"- പരാതിയുടെ പകർപ്പ് അരുണ്‍ യാദവ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

ഡിസംബർ 17 മുതൽ 19 വരെ ഗുരുഗ്രാമിലെ ഏരിയ മാളിലാണ് ഗുഡ്ഗാവ് കോമഡി ഫെസ്റ്റിവല്‍ നടക്കുക. പരിപാടിയിലേക്ക് മുനാവറിന് ക്ഷണം ലഭിച്ചിരുന്നു. പോസ്റ്ററുകളിൽ നിന്ന് മുനാവറിന്‍റെ പേര് സംഘാടകരായ ദി എന്‍റർടെയിൻമെന്‍റ് ഫാക്ടറി നീക്കം ചെയ്തു.

Advertising
Advertising

നവംബർ 28ന് മുനാവറിന്‍റെ ബംഗളൂരുവിലെ പരിപാടി റദ്ദാക്കിയിരുന്നു. ഹിന്ദു ജാഗരണ്‍ സമിതി നല്‍കിയ പരാതിക്ക് പിന്നാലെയാണ് പരിപാടി റദ്ദാക്കാന്‍ ബംഗളൂരു പൊലീസ് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ താന്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി നിര്‍ത്തുകയാണെന്ന സൂചന മുനാവര്‍ നല്‍കി.

"വിദ്വേഷം, വിജയിച്ചു കലാകാരൻ തോറ്റു. എനിക്കു മതിയായി. വിട. അനീതിയാണിത്. 600ലേറെ ടിക്കറ്റുകള്‍ വിറ്റതാണ്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്‍റെ പരിപാടികള്‍ റദ്ദാക്കുന്നു. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു"- എന്നാണ് മുനവ്വര്‍ ഫാറൂഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി നേരത്തെ ഒരു മാസം മുനാവറിനെ ജയിലിലടച്ചിരുന്നു. സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനാവറിനെതിരായ നടപടി. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News