ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു; കാര്‍ തല്ലിത്തകര്‍ത്തു

20ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Update: 2025-03-11 10:16 GMT
Editor : Jaisy Thomas | By : Web Desk

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഭിലായിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന്‍റ് ചില്ല് തകർത്തുവെന്നാരോപിച്ച് 20ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബാഗേലിന്‍റെയും മകൻ ചൈതന്യയുടെയും ഭിലായിലെ വസതി ഉൾപ്പെടെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. മദ്യ കുംഭകോണത്തില്‍ പ്രതിയായ ചൈതന്യ ബാഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇഡിയുടെ പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് തിരച്ചിൽ ആരംഭിച്ചത്. താമസിയാതെ സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കളും എംഎൽഎമാരും പ്രവർത്തകരും ബാഗേലിന്‍റെ വസതിക്ക് പുറത്ത് ബിജെപിക്കും ഇഡിക്കുമെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. പരിശോധനയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന തിനിടെയാണ് സംഭവം.

Advertising
Advertising

പരിശോധനക്കിടെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ വളയുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്‍റെ കാറും അക്രമികള്‍ തകര്‍ത്തു. ദൃശ്യങ്ങളില്‍ ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘമാളുകള്‍ വളയുന്നതും അവരെ മര്‍ദിക്കുന്നതും കാണാം.

മദ്യ കുംഭകോണത്തില്‍ ചൈതന്യ ബാഗേല്‍ പണം കൈപ്പറ്റിയതായാണ് കേസ്. ഭിലായിലെ വീട്ടില്‍ പിതാവ് ഭൂപേഷ് ബാഗേലിനൊപ്പമാണ് ചൈതന്യ ബാഗേല്‍ താമസിക്കുന്നത്. ബാഗേലിന്റെ മകന്റെയും സഹായി ലക്ഷ്മി നാരായണ്‍ ബന്‍സാലിന്റെയും മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 15 ഓളം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.

റെയ്ഡില്‍ പ്രധാനപ്പെട്ട രേഖകൾ, സിം കാർഡുകൾ സഹിതമുള്ള ആറ് മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് തെളിവുകൾ എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.കണക്കിൽ പെടാത്ത വലിയ അളവിൽ പണം കണ്ടെത്തിയതായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ ബാഗേലിന്റെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രവുമായി എത്തിയിരുന്നു. ഇഡി സംഘം 33 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാഗേല്‍ വ്യക്തമാക്കി. നിയമസഭയിൽ താൻ ഉന്നയിച്ച ചോദ്യങ്ങളുടെ അനന്തരഫലമാണ് തനിക്കെതിരായ നടപടിയെന്ന് ബാഗേൽ ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News