'ഞങ്ങളെ എന്തിനാണ് ഇങ്ങനെ ഓടിക്കുന്നത്': ബിഹാറിൽ വോട്ടർപട്ടികയിൽ ഇടംനേടാൻ രേഖകൾക്കായി വരിനിന്ന് ബൈർഗച്ചി ഗ്രാമവാസികള്‍
നിതീഷ് കുമാർ സർക്കാരിലെ മന്ത്രിയായ ജെഡിയുവിന്റെ ലെസി സിംഗ് പ്രതിനിധീകരിക്കുന്ന 'ധംദാഹ' നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബൈർഗച്ചി ഗ്രാമം
പറ്റ്ന: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നേട്ടോട്ടത്തിലാണ് ബിഹാറിലെ ബൈർഗച്ചി ഗ്രാമവാസികള്‍. വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയും(എസ്ഐആര്‍) കരട് വോട്ടര്‍പട്ടികയുമെല്ലാം ഈ ഗ്രാമവാസികളെ തെല്ലൊന്നുമല്ല പരിഭ്രാന്തരാക്കിയത്.
മുന്‍ മുഖ്യമന്ത്രി ഭോല പാസ്വാൻ ശാസ്ത്രിയുടെ ജന്മനാടായ പൂർണിയ പട്ടണത്തിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയാണ് ബൈർഗച്ചി ഗ്രാമം. നടപടികളിലേക്ക് ഗ്രാമവാസികളെ നയിക്കുന്നത് ഭോല പാസ്വാന്റെ അനന്തരവനായ ബിരാഞ്ചി പാസ്വാനും. അദ്ദേഹം രാഷ്ട്രീയക്കാരനല്ലെങ്കിലും വോട്ട് എന്ന അവകാശത്തിന് വേണ്ടി ഗ്രാമവാസികള്‍ക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ അതെല്ലാം പരിഹരിക്കാനുള്ള സമയം സെപ്തംബർ ഒന്ന് വരെയാണ്.
അതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പതിനൊന്ന് രേഖകൾ ഹാജരാക്കുന്നതിന്റെ തിരക്കിലാണ് ഗ്രാമവാസികളിലധികവും. റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കഫേകള്‍ക്ക് മുന്നിലാണ് പലരും. ബൈർഗച്ചിയിലെ വോട്ടർമാരിൽ ഭൂരിഭാഗവും പട്ടികജാതി പാസ്വാൻ സമുദായത്തിൽ നിന്നുള്ളവരാണ്. വളരെ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും മുസ്‌ലിം വിഭാഗവുമാണ് പിന്നീടുള്ളവര്‍.
നിതീഷ് കുമാർ സർക്കാരിലെ മന്ത്രിയായ ജെഡിയുവിന്റെ ലെസി സിംഗ് പ്രതിനിധീകരിക്കുന്ന 'ധംദാഹ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. വോട്ടർ ആകേണ്ടതിന്റെ ആവശ്യകത ഗ്രാമീണര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയാണ് ബിരാഞ്ചി പാസ്വാന്‍. സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും വോട്ടറായാല്‍ മാത്രമെ രാഷ്ട്രീയക്കാര്‍ പരിഗണിക്കൂവെന്നും അദ്ദേഹം ഗ്രാമവാസികളെ ഉണര്‍ത്തുന്നു. അതേസമയം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ബൂത്ത് ലെവൽ ഏജന്റുമാരെ(ബില്‍ഒ) ഇവിടെ കാണുക എന്നത് അപൂര്‍വമാണെന്നാണ് അദ്ദേഹം പറയുന്നുണ്ട്.
സർക്കാറിൽ നിന്ന് കിട്ടുന്നത് ഇല്ലാതാവുമോ എന്നാണ് ചിലുടെ ആശങ്ക. ഇക്കാര്യം ചിലര്‍ പങ്കുവെക്കുന്നു. ''ഭാവിയിൽ അഞ്ച് കിലോ സൗജന്യ റേഷൻ പദ്ധതി വോട്ടർ ഐഡി കാർഡുള്ളവർക്ക് മാത്രമാണെന്ന് പറഞ്ഞാൽ എന്തുചെയ്യും''- എന്നാണ് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചൊരു സ്ത്രീ പറയുന്നതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തിലെ 95 ശതമാനം ആളുകൾക്കും സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്. ഇവിടുത്തുകാരില്‍ ഭൂരിഭാഗവും ദിവസ വേതനക്കാരാണ്, ചിലർ പൂർണിയ പട്ടണത്തിൽ ഇ-റിക്ഷകൾ ഓടിക്കുന്നു.
അതേസമയം എസ്ഐര്‍ ആര്‍ തീരുമാനത്തോട് രൂക്ഷമായി പ്രതികരിക്കുന്നവരെയും ഇവിടെ കാണാം. '' എനിക്ക് ആധാറും റേഷൻ കാർഡും മാത്രമേ ഉള്ളൂ. എന്തിനാണ് എസ്ഐആര്‍ ചെയ്യുന്നത്. എന്തിനാണ് അവർ നമ്മളെ കുഴപ്പത്തിലാക്കുനന്നത്. മുമ്പ് ഞങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ട്. സർക്കാരാണ് അന്ന് ഞങ്ങൾക്ക് വോട്ടർ ഐഡി കാർഡുകൾ തന്നത്. ഇത് ലഭിക്കാനായി ഞങ്ങള്‍ക്ക് ഓടിനടക്കേണ്ട അവസ്ഥ വന്നിട്ടില്ല. ഇപ്പോൾ രേഖകള്‍ക്കായി നമ്മൾ കഫേകളില്‍ പണം കൊടുക്കുകയാണ്, പലപ്പോഴും കൈക്കൂലിയും കൊടുക്കേണ്ടി വരുന്നു''- ബുദിയാ ധേവി പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.