ധര്‍മസ്ഥല; മകളെ കാണാനില്ലെന്ന വ്യാജപരാതി ഉന്നയിച്ച സുജാത ഭട്ടിന് സുരക്ഷയേർപ്പെടുത്തി പൊലീസ്

പതിനഞ്ചോളം പൊലീസുകാരാണ് ഇവര്‍ താമസിക്കുന്ന പദ്മനാഭനഗറിലെ ഫ്‌ളാറ്റിന് സമീപമുള്ളത്.

Update: 2025-08-24 06:32 GMT

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ ശുചീകരണ തൊഴിലാളി അറസ്റ്റിലായതിന് പിന്നാലെ മകളെ കാണാനില്ലെന്ന് വ്യാജപരാതി ഉന്നയിച്ച സുജാത ഭട്ടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ സുജാതയുടെ മൊഴി എടുക്കുന്നതുവരെ സുരക്ഷ തുടരുമെന്ന് സുരക്ഷാ ചുമതലയുള്ള പൊലീസുകാരന്‍ അറിയിച്ചു. നിലവില്‍ 15 ഓളം പൊലീസുകാരാണ് ഇവര്‍ താമസിക്കുന്ന പദ്മനാഭനഗറിലെ ഫ്‌ളാറ്റിന് സമീപമുള്ളത്.

ബെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തന്റെ മകള്‍ അനന്യഭട്ടിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മസ്ഥലയില്‍വെച്ച് കാണാതായി എന്ന് സുജാത ഭട്ട് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് അനന്യ ഭട്ട് എന്നൊരു മകള്‍ ഇല്ലെന്നും ചിലരുടെ സമ്മര്‍ദം കാരണമാണ് ഇത്തരമൊരു വ്യാജആരോപണം ഉന്നയിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

Advertising
Advertising

പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ സുജാത ഭട്ട് പറഞ്ഞ കാലയളലില്‍ അനന്യ ഭട്ട് എന്ന പേരുള്ള വിദ്യാര്‍ത്ഥി മംഗളൂരുവിലെയോ മണിപ്പാലിലെയോ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുജാത ഭട്ടിനെ എസ്.ഐ.ടി സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് അവര്‍ പരാതിയില്‍ നിന്ന് പിന്മാറിയത്.  ഏറെ കാലമായി സുജാത ഈ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സുജാത അയല്‍വാസികളോടൊന്നും അടുപ്പം കാണിച്ചിരുന്നില്ല. അവരുടെ വെളിപ്പെടുത്തല്‍ ഞെട്ടല്‍ ഉളവാക്കിയെന്നും സമീപവാസികള്‍ പ്രതികരിച്ചു. സമീപത്തെ പാര്‍ക്കിന് സമീപത്ത് കഷായങ്ങള്‍ വില്‍ക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു സുജാത. കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ സുജാത ഭട്ടിനെ കാണാന്‍ വന്നെങ്കിലും അവര്‍ സംസാരിക്കാന്‍ തയ്യാറായില്ല. തനിക്കെല്ലാം മതിയായെന്നും ആരോടും ഇനി ഒന്നും സംസാരിക്കാനില്ലെന്നും താന്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ ഭീഷണി മുഴക്കുകയുണ്ടായി.

അതേസമയം, ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ അറസ്റ്റിലായ ശുചീകരണ തൊഴിലാളി നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ഹാജരാക്കിയ തലയോട്ടിയടക്കം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News