രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പല തവണ പ്രശംസിച്ച തരൂർ കോൺഗ്രസ് നേതൃത്വം വിളിച്ച യോഗങ്ങളിൽ നിന്ന് നേരത്തെയും വിട്ടുനിന്നിരുന്നു
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശി തരൂർ. പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ നിന്ന് തരൂർ വിട്ടുനിൽക്കുന്നത് ആവർത്തിക്കുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംപി എന്തുകൊണ്ടാണ് യോഗത്തിന് എത്താത്തത് എന്ന് അറിയില്ലെന്നാണ് കോൺഗ്രസ് ചീഫ വിപ്പ് പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പല തവണ പ്രശംസിച്ച തരൂർ കോൺഗ്രസ് നേതൃത്വം വിളിച്ച യോഗങ്ങളിൽ നിന്ന് നേരത്തെയും വിട്ടുനിന്നിരുന്നു. ഛണ്ഡീഗഢിൽ നിന്നുള്ള മനീഷ് തിവാരിയും യോഗത്തിൽ പങ്കെടുത്തിട്ടില്ല.
പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ തരൂർ ഇന്നലെ രാത്രി കൊൽക്കത്തയിലായിരുന്നു. പരിപാടിക്ക് ശേഷം അദ്ദേഹത്തിന് യോഗത്തിന്റെ സമയത്ത് ഡൽഹിയിൽ തിരിച്ചെത്താനായില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നവംബർ 30ന് നടന്ന യോഗത്തിലും തരൂർ എത്തിയിരുന്നില്ല. കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ വിമാനം വൈകിയതാണ് യോഗത്തിന് എത്താതിരിക്കാൻ കാരണമെന്നാണ് അന്ന് തരൂർ പറഞ്ഞിരുന്നത്. നവംബർ 18ന് എസ്‌ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിളിച്ച യോഗത്തിൽ തരൂർ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾകൊണ്ടാണ് പങ്കെടുക്കാത്തത് എന്നായിരുന്നു തരൂരിന്റെ വിശദീകരണം.
ഇതിനിടെ റഷ്യൻ പ്രസിഡന്റ് പുടിന് രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ തരൂർ പങ്കെടുത്തത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും ക്ഷണിക്കാത്ത വിരുന്നിലേക്കാണ് തരൂരിനെ മാത്രം ക്ഷണിച്ചത്. നേതാക്കളെ ക്ഷണിക്കാത്ത വിരുന്നിലേക്ക് തന്നെ ക്ഷണിക്കുമ്പോൾ എന്താണ് അതിന്റെ ഉദ്ദേശ്യമെന്നും അതിന്റെ പിന്നിലുള്ള കളി എന്താണെന്നും മനസ്സിലാക്കാനുള്ള പക്വത കാണിക്കണമെന്നായിരുന്നു കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ പ്രതികരണം.