എസ്ഐആർ; നിങ്ങൾ സമർപ്പിച്ച രേഖകൾ കൃത്യമായി അപ് ലോഡ് ചെയ്തിട്ടുണ്ടോ? ഓൺലൈനായി പരിശോധിക്കാം
വോട്ടേഴ്‌സ് സർവീസ് പോർട്ടലിലെ നാല് ഘട്ട പരിശോധനകളിലൂടെ നൽകിയ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കഴിയും
കോഴിക്കോട്: എസ്‌ഐആറിന്റെ ഭാഗമായി നിങ്ങൾ നൽകിയ രേഖകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടേഴ്‌സ് സർവീസ് പോർട്ടലിലെ നാല് ഘട്ട പരിശോധനകളിലൂടെ നൽകിയ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കഴിയും. എസ്‌ഐആറിന്റെ ഭാഗമായി വോട്ടർമാർ ബിഎൽഒ വഴിയോ ഓൺലൈൻ വഴിയോ ആണ് ഫോമുകൾ സമർപ്പിക്കുന്നത്. നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഫോം അപ്ലോഡ് ചെയ്‌തോ എന്ന് വോട്ടർമാർക്ക് നേരിട്ട് പരിശോധിക്കാനുള്ള ഈ ഓൺലൈൻ സംവിധാനം കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ ഫോമിന്റെ നിലവിലെ സ്ഥിതി എങ്ങനെ മനസ്സിലാക്കാം
ഘട്ടം 1- voters.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ എസ്‌ഐആർ (SIR) എന്ന വിഭാഗത്തിന് കീഴിലുള്ള ഫിൽ എന്യുമറേഷൻ ഫോം എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഘട്ടം 2: ലോഗിൻ ചെയ്യുക
നിലവിലെ ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ അല്ലെങ്കിൽ എപിക് നമ്പർ, സുരക്ഷ ക്യാപ്ച, ഒടിപി എന്നിവ കൊടുത്ത് ലോഗിൻ ചെയ്യാം. പുതിയ ഉപഭോക്താക്കൾ സൈനപ്പ് ചെയ്യേണ്ടിവരും.
ഘട്ടം 3: സംസ്ഥാനം തെരഞ്ഞെടുക്കുക
ലോഗിൻ ചെയ്ത ശേഷം പോർട്ടലിൽ കാണുന്ന സെർച്ച് ഫോമിൽ നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം, നിങ്ങളുടെ എപിക് (വോട്ടർ ഐഡി) നമ്പർ നൽകി 'Search' എന്ന ബട്ടൺ ക്ലിക്കുചെയ്യുക.
ഘട്ടം 4: ഫോമിന്റെ നിലവിലെ സ്ഥിതി പരിശോധിക്കുക
നിങ്ങളുടെ വിവരങ്ങൾ ബിഎൽഒ ഇതിനകം അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, 'Your form has already been submitted. For more details contact your BLO.' എന്ന സന്ദേശം സ്‌ക്രീനിൽ കാണാം. ഇങ്ങനെ ഒരു സ്ഥിരീകരണം ലഭിക്കുന്നില്ലെങ്കിൽ, ഒരു പുതിയ എൻറോൾമെന്റ് ഫോം പോർട്ടലിൽ സ്വയമേവ തുറന്നുവരും. നിങ്ങളുടെ വിവരങ്ങൾ ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിവരങ്ങൾ കാണുന്നില്ലെങ്കിൽ എന്തുചെയ്യണം?
നിങ്ങളുടെ ഫോമിന്റെ നിലവിലെ സ്ഥിതി പരിശോധിക്കുമ്പോൾ സമർപ്പിച്ചു എന്നാണ് കാണിക്കുന്നതെങ്കിൽ പരിഭ്രാന്തരാവേണ്ടതില്ല. അപേക്ഷഫോമുകൾ വിവിധ ഘട്ടങ്ങളായി ബിഎൽഒ അപ് ലോഡ് ചെയ്യുന്നതേ ഉണ്ടാവൂ. തെറ്റായ വിവരങ്ങളാണ് പോർട്ടലിൽ കാണുന്നതെങ്കിലും സമർപ്പിക്കാത്ത ഫോമിന്റെ സ്റ്റാറ്റസ് 'submitted' എന്നാണ് കാണിക്കുന്നുണ്ടെങ്കിലും വ്യക്തതയ്ക്കായി ബിഎൽഒ മാരായി ബന്ധപ്പെടണം.