കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രിംകോടതി; സമയപരിധി നീട്ടാൻ അപേക്ഷ സമർപ്പിക്കണം
ഹരജിക്കാരുടെ അഭ്യർഥനയിൽ ന്യായമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രിംകോടതി. സമയപരിധി നീട്ടാൻ അപേക്ഷ സമർപ്പിക്കാൻ കേരളത്തോട് കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. ഇക്കാര്യത്തിൽ കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
വിഷയങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നൽകാനാണ് കോടതി കേരളത്തിന് നിർദേശം നൽകിയത്. ഫോമിന്റെ അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടാനാണ് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകേണ്ടത്. ഹരജിക്കാരുടെ ആവശ്യത്തിൽ ന്യായമുണ്ടെന്ന് കരുതുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
എസ്ഐആർ നിർത്തിവയ്ക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്ന് സംസ്ഥാന- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുകൾ കോടതിയെ അറിയിച്ചതോടെയാണ് നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചത്. ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും കമ്മീഷനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുതെന്നും കോടതി നിർദേശമുണ്ട്. തദേശ തെരഞ്ഞെടുപ്പ് ചുമതലയുള്ളവർ അതിൽ തുടരണമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ മാസം 21 വരെ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആർ വന്നതാണ് പ്രശ്‌നമായതെന്നും കേരളം അറിയിച്ചു.
എന്നാൽ, 99 ശതമാനം ഫോമുകളുടെ വിതരണം പൂർത്തിയായെന്നും എസ്ഐആറിനായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ജോലികളിലുള്ളവർ എസ്‌ഐആറിന്റെ ഭാഗമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് എസ്‌ഐആറുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയത്.
മറ്റാർക്കും പ്രശ്‌നമില്ലെന്നും സംസ്ഥാന സർക്കാരിനും ചില പാർട്ടികൾക്കും മാത്രമാണ് പ്രശ്‌നമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച് യാതൊരു പ്രശ്‌നവും അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതോടെയാണ്, സമയപരിധി നീട്ടുന്നതുമായി ബന്ധപ്പെട്ട കമ്മീഷന് അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.