പഞ്ചാബ്, തമിഴ്‌നാട് ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രിംകോടതി
Update: 2023-11-10 08:08 GMT
ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പിടാത്ത പഞ്ചാബ്, തമിഴ്‌നാട് ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. പഞ്ചാബ് ഗവർണർ തീകൊണ്ട് കളിക്കരുതെന്നും ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രിംകോടതി ചോദിച്ചു. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്‌നാട് ഗവർണറുടെ നടപടി ആശങ്ക ഉയർത്തുന്നുവെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതിനിടെ, കേരള സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചുവെന്നും സ്വിമ്മിംഗ് പൂളിനും ആഘോഷത്തിനും കോടികൾ ഉണ്ടെങ്കിലും പെൻഷനും ശമ്പളവും നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.