'സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രീകൃതം, ഇത് മാറേണ്ടതുണ്ട്'; വിടവാങ്ങൽ പ്രസംഗത്തിൽ ജസ്റ്റിസ് അഭയ് ഓക

ഹൈക്കോടതികൾ സുപ്രിംകോടതിയെ അപേക്ഷിച്ച് കൂടുതൽ ജനാധിപത്യപരമായാണ് പ്രവർത്തിക്കുന്നതെന്നും സുപ്രിംകോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ഓക പറഞ്ഞു.

Update: 2025-05-23 16:23 GMT

ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഈ സംവിധാനം മാറേണ്ടതുണ്ടെന്നും ജസ്റ്റ് എ.എസ് ഓക. പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ കീഴിൽ ഈ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ബി.ആർ ഗവായ് നവംബറിലാണ് വിരമിക്കുന്നത്. ഹൈക്കോടതികൾ സുപ്രിംകോടതിയെ അപേക്ഷിച്ച് കൂടുതൽ ജനാധിപത്യപരമായാണ് പ്രവർത്തിക്കുന്നതെന്നും സുപ്രിംകോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ഓക പറഞ്ഞു.

ഹൈക്കോടതികൾ വിവിധ കമ്മിറ്റികൾ വഴിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രീകൃതമാണ്. ഇത് മാറേണ്ടതുണ്ട്. ഈ മാറ്റം പുതിയ ചീഫ് ജസ്റ്റിസിന് കീഴിൽ നിങ്ങൾക്ക് കാണാൻ കഴിയും. മേയ് 13ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നകൂടുതൽ സുതാര്യമായാണ് പ്രവർത്തിച്ചിരുന്നത്. സുപ്രിംകോടതിയിലെ എല്ലാ ജഡ്ജിമാരേയും വിശ്വാസത്തിലെടുത്താണ് അദ്ദേഹം തീരുമാനമെടുത്തിരുന്നത്. പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് രക്തത്തിൽ തന്നെ ജനാധിപത്യ മൂല്യങ്ങളുള്ള വ്യക്തിയാണെന്നും ജസ്റ്റിസ് ഓക പറഞ്ഞു.

നീതിന്യായ വ്യവസ്ഥയിലെ പോരായ്മകൾ പരാമർശിച്ച ജസ്റ്റിസ് ഓക സുപ്രിംകോടതിയും ഹൈക്കോടതിയും വിചാരണക്കോടതികളെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി. വിചാണക്കോടതികളെയും സാധാരണ മനുഷ്യരെയും കുറിച്ച് നമ്മൾ ചിന്തിക്കണം. വിചാരണക്കോടതികളിലും ജില്ലാ കോടതികളിലും നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. വിചാരണക്കോടതിയെ ഒരിക്കലും കീഴ്‌ക്കോടതിയെന്ന് വിളിക്കരുത്. അത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. ഒരാളെ 20 വർഷങ്ങൾക്ക് ശേഷം ശിക്ഷിക്കുന്ന പ്രയാസമേറിയ കാര്യമാണെന്നും ജസ്റ്റിസ് ഓക പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News