ഐപാക്ക് റെയ്ഡ്: ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ എഫ്‌ഐആർ സ്റ്റേ ചെയ്ത് സുപ്രിംകോടതി
തങ്ങൾ ഇടപെട്ടില്ലെങ്കിൽ ബംഗാളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമുണ്ടാവുമെന്ന് പറഞ്ഞ കോടതി സർക്കാരിന് നോട്ടീസയച്ചു
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കിലെ റെയ്ഡുമായി ബന്ധപ്പെട്ട ഹരജിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ കോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം തടസപ്പെടുത്തുന്നത് ഗൗരവത്തോടെ കാണണമെന്ന് കോടതി പറഞ്ഞു.
ഇനി തങ്ങൾ ഇടപെട്ടില്ലെങ്കിൽ ബംഗാളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമുണ്ടാവുമെന്ന് പറഞ്ഞ കോടതി സർക്കാരിന് നോട്ടീസയച്ചു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം. ഐപാക്കിലെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥരുടെ ഫോണുകളടക്കം ബംഗാൾ പൊലീസ് പിടിച്ചെടുത്തു എന്നാണ് ഇഡി കോടതിയെ അറിയിച്ചത്. എന്നാൽ തങ്ങളുടെ തെരഞ്ഞെടുപ്പ് രേഖകൾ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത് എന്നും ഇഡി ഉദ്യോഗസ്ഥരുടെ ഒരു വസ്തുക്കളും പൊലീസ് എടുത്തിട്ടില്ലെന്നും ബംഗാൾ സർക്കാർ വ്യക്തമാക്കി. ബംഗാൾ ഡിജിപി രാജീവ് കുമാർ, കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ എന്നിവരെ സസ്‌പെൻഡ് ചെയ്യണം എന്നാണ് ഇഡി ഹരജിയിൽ ആവശ്യപ്പെടുന്നത്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നോട്ടീസയച്ചു. കേസ് ഇനി ഫെബ്രുവരി മൂന്നിന് പരിഗണിക്കും.