അഹമ്മദാബാദ് വിമാനദുരന്തം പൈലറ്റിന്റെ പിഴവാണെന്ന് ഇന്ത്യയിൽ ആരും വിശ്വസിക്കുന്നില്ല: സുപ്രിംകോടതി
കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) എന്നിവർക്കും കോടതി നോട്ടീസയച്ചു
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം പൈലറ്റുമാരുടെ പിഴവാണെന്ന് ഇന്ത്യയിൽ ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രിംകോടതി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്ന സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സും സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രിംകോടതി നിരീക്ഷണം. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
''വിമാനദുരന്തം തീർത്തും ദൗർഭാഗ്യകരമാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട് മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല. എല്ലാം പൈലറ്റിന്റെ പിഴവാണെന്ന് ഇന്ത്യയിൽ ആരും വിശ്വസിക്കുന്നില്ല. എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റിനെതിരെ സൂചനകളൊന്നുമില്ല. ഒരു പൈലറ്റ് ഇന്ധനവിതരണം തടസ്സപ്പെട്ടോ എന്ന് ചോദിക്കുന്നുണ്ട്, സഹപൈലറ്റ് ഇല്ലെന്നും''- അപകടത്തിൽ മരിച്ച പൈലറ്റിന്റെ പിതാവിനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ജൂൺ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് എയർ ഇന്ത്യയുടെ എഐ-171 വിമാനം തകർന്നുവീണത്. അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന ബിശ്വാസ് കുമാർ എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിന് മുകളിൽ തകർന്നുവീഴുകയായിരുന്നു. ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർഥികളും അപകടത്തിൽ മരിച്ചിരുന്നു.