'ബോംബ് പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു, ഓടുന്നതിനിടയില്‍ വൈദ്യുതി പോസ്റ്റ് തലയില്‍ വീണു'; കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തിന്‍റെ നടുക്കുന്ന ഓര്‍മയില്‍ രക്ഷപ്പെട്ടവര്‍
മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 മരണം പേരാണ് മരിച്ചത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 മരണം പേരാണ് മരിച്ചത്.100ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ചയാണ് കിഷ്ത്വാറിലെ ചഷോതി ഗ്രാമത്തിലെ മചെയ്തൽ മാതാ യാത്രാ റൂട്ടിൽ മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. മാതാ ചാന്ദിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചഷോതിയിലാണ് അപകടമുണ്ടായത്.മാതാ ചാന്ദിയിലേക്കുള്ള വാഹനമെത്തുന്ന അവസാന ഗ്രാമമാണ് ചഷോതി.വിടെ നിന്നാണ് മചെയ്തൽ മാതാ യാത്ര ആരംഭിക്കുന്നത്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതിലേറെയും.
വെള്ളപ്പൊക്കത്തില്‍ നിന്ന് പലരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഓര്‍ക്കാന്‍ പോലുമാകാത്ത ഭീകര നിമിഷത്തിലൂടെയാണ് കടന്നുപോയതെന്ന് പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഒരു ബോംബ് പൊട്ടിത്തെറിക്കുന്ന പോലെയൊരു ശബ്ദം പെട്ടനന് കേട്ടെന്നും,പിന്നാലെ ഓടൂ,ഓടൂ എന്ന് എല്ലാവരും നിലവിളിക്കാന്‍ തുടങ്ങിയെന്നും രക്ഷപ്പെട്ട ഷാലു മെഹ്‌റ എന്ന സ്ത്രീ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'ഇറങ്ങിയോടുന്ന സമയത്ത് ഒലിച്ചുവന്ന അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയി. പിന്നാലെ ഒരു വൈദ്യുതി തൂണ്‍ എന്‍റെ തലയില്‍ വീണു,മകളെത്തിയാണ് എന്ന അവിടെ നിന്ന് പുറത്തെടുത്തത്. എന്നാല്‍ വെള്ളത്തില്‍ മകന്‍ ഒലിച്ചുപോയെന്നും ഏഴ് കിലോമീറ്റര്‍ അകലെനിന്നാണ് അവനെ കണ്ടെത്തിയതെന്നും' ഷാലു മെഹ്റ പറഞ്ഞു.
ഇത്തരത്തിലൊരു അപകടം സംഭവിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് മചെയ്തൽ മാതാ തീര്‍ഥാടകരിലൊരാളായ സഞ്ജയ് കുമാര്‍ പറഞ്ഞു. 'ചില തീർഥാടകർ മചെയ്തൽ മാതായിലെ കമ്മ്യൂണിറ്റി കിച്ചണില്‍ ഭക്ഷണം കഴിക്കുകയായിരുന്നു, കനത്തമഴയില്‍ നിന്ന് രക്ഷനേടാനായും ചിലർ അവിടെ എത്തിയിരുന്നു. പെട്ടന്നാണ് വലിയ പാറക്കല്ലുകളും മണ്ണും മരവും ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളുമായി കുതിച്ചെത്തിയ വെള്ളം കമ്മ്യൂണിറ്റി കിച്ചണില്‍ പതിച്ചത്. അവിടെയുണ്ടായിരുന്ന എല്ലാവരും ഒലിച്ചുപോയി. വഴിയിലുള്ളതെല്ലാം തകര്‍ത്തുകൊണ്ടാണ് വെള്ളം കുതിച്ചൊഴുകിയത്'. സഞ്ജയ് കുമാര്‍ പറഞ്ഞു. നാല് വാഹനങ്ങള്‍ കളിപ്പാട്ടങ്ങള്‍ പോലെയാണ് വെള്ളത്തിലൂടെ ഒഴുകിപ്പോയത്. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും കുമാര്‍ ഓര്‍ക്കുന്നു. കുമാറിന്‍റെ രണ്ട് കാലുകള്‍ക്കും ഒടിവുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുമാറിപ്പോള്‍.
ഉച്ചഭക്ഷണം വിളമ്പുന്നതിനിടെയാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് കമ്മ്യൂണിറ്റി കിച്ചണിന്റെ തലവന്‍ സുഭാഷ് ചന്ദർ ഗുപ്ത പറഞ്ഞു.എല്ലായിടത്തും നിലവിളികൾ കേട്ടു, തുടർന്ന് കാതടപ്പിക്കുന്ന നിശബ്ദതയായിരുന്നു. ഞാൻ ഒരു വലിയ പാറയുടെ അടിയിൽ കുടുങ്ങി, മണ്ണിടിച്ചിൽ എന്റെ മുകളിലൂടെ കടന്നുപോയി," അദ്ദേഹം പറഞ്ഞു. "മൂന്ന് മണിക്കൂറിലധികം ഞാൻ പാറക്കല്ലിൽ കുടുങ്ങി." അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് കിഷ്ത്വാറിലെ ചഷോതി ഗ്രാമത്തിൽ മിന്നല്‍ പ്രളയമുണ്ടായത്.