ബൈക്ക് യാത്രികരെ ആക്രമിച്ച് തേനീച്ചക്കൂട്ടം; മുഖത്ത് 890ലേറെ കുത്തേറ്റ 62കാരന് ദാരുണാന്ത്യം

മുൻ പ്രധാനധ്യാപകനായ നിർമ്മൽ ദത്തയാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്

Update: 2025-11-17 05:08 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo| Special Arrangement

കൊൽക്കത്ത: തേനീച്ച ആക്രമണത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ദുർഗാപൂരിലാണ് സംഭവം. മുൻ പ്രധാന അധ്യാപകനായ നിർമ്മൽ ദത്ത എന്നയാളാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്. മുഖത്തും തലയിലുമായി 890ലേറെ തവണയാണ് നിർമ്മൽ ദത്തയ്ക്ക് കുത്തേറ്റത്.

ദുർഗാപൂറിലെ ആർഇ മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു നിർമ്മൽ ദത്ത. ദുർഗാപൂരിലെ സുകാന്തപ്പള്ളിയിലാണ് ഇയാളുടെ വീട്. ദുർഗാപൂരിൽ നിന്ന് വീട്ടിലേക്ക് ഡോക്ടർ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. മേജർ പാർക്കിന് സമീപത്ത് വച്ച് വയോധികന്റെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് 62കാരനെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്.

Advertising
Advertising

നിർമ്മൽ ദത്ത ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. നിർമ്മൽ ദത്തയുടെ മുഖത്ത് 890 തവണയാണ് തേനീച്ചകൾ കുത്തിയത്. ഇതോടെ വയോധികൻ റോഡിൽ കുഴഞ്ഞ് വീണു. പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.

ഏറെ വൈകിയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് ഇരുവരെയും പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News