കൊടുങ്കാറ്റിലും കുലുങ്ങാത്ത തമിഴകം ഇക്കുറിയാർക്കൊപ്പം?

ഏഴ് സംവരണ മണ്ഡലങ്ങളടക്കം 39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിൽ ആകെയുള്ളത്

Update: 2024-03-19 07:49 GMT
Advertising

2019 ൽ രാജ്യമൊട്ടാകെ എൻ.ഡി.എ തരംഗം അലയടിച്ചപ്പോഴും യു.പി.എ യെ കൈവിടാതിരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. ദ്രാവിഡ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണ്. സംസ്ഥാനത്തെ പ്രധാന കക്ഷികളിലൊന്നായ എ.ഐ.എ.ഡി.എം.കെ  ഉൾപ്പെട്ട എൻ.ഡി.എ സഖ്യം പൊളിഞ്ഞതാണ് ഇക്കുറി തമിഴകത്തെ രാഷ്ട്രീയ ഭൂപടത്തിൽ അരങ്ങേറിയ നിർണായക സംഭവങ്ങളിലൊന്ന്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇത് വലിയ രീതിയിൽ പ്രതിഫലിക്കുമെന്നുറപ്പ്.

ഏഴ് സംവരണ മണ്ഡലങ്ങളടക്കം 39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിൽ ആകെയുള്ളത്. സീറ്റുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ ആദ്യ ഘട്ടമായ ഏപ്രിൽ 19 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ്.

യു.പി.എക്ക് ജീവശ്വാസം പകർന്ന തമിഴകം

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊട്ടാകെ തകർന്നടിഞ്ഞപ്പോഴും പഞ്ചാബും കേരളവും തമിഴ്‌നാടുമാണ് യു.പി.എക്ക് ജീവശ്വാസം പകർന്നത്. ഇതിൽ തമിഴകത്തെ വിജയം ഏറെ തിളക്കമുള്ളതായിരുന്നു. ആകെ 39 സീറ്റുകളിൽ 38 ഉം യു.പി.എ ക്കൊപ്പം നിന്നപ്പോൾ എൻ.ഡി.എക്ക് വെറും ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഡി.എം.കെ 24 ഇടത്ത് വെന്നിക്കൊടി പാറിച്ചപ്പോൾ ഒമ്പതിടത്ത് മത്സരിച്ച കോൺഗ്രസ് എട്ടിലും ജയിച്ചു കയറി.

സി.പി.എം 2 ,സി.പി.ഐ 2 ,മുസ്ലിം ലീഗ് 1 ,വി.സി.കെ 1, അണ്ണാ ഡി.എം.കെ 1 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ സീറ്റ് നില. പാർലമെന്റിൽ ഇടതുപക്ഷത്തിന് ആകെയുള്ള അഞ്ച് എം.പി.മാരിൽ നാലും തമിഴകത്ത് നിന്ന് ജയിച്ച് കയറിയവരാണ്. 2014 ൽ 37 സീറ്റുമായി വൻ കുതിപ്പ് നടത്തിയ അണ്ണാ ഡി.എം.കെ ഒരു സീറ്റിലൊതുങ്ങി. അഞ്ചിടത്ത് മത്സരിച്ച ബി.ജെ.പിക്ക് കയ്യിലാകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. 52.64 ശതമാനം വോട്ടും യു.പി.എ നേടിയപ്പോൾ എൻ.ഡി.എക്ക് 30.28 ശതമാനം വോട്ടാണ് നേടാനായത്.

ഇക്കുറി ത്രികോണ മത്സരം

കഴിഞ്ഞ സെപ്റ്റംബറിൽ അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യം വേർപിരിഞ്ഞതോടെ തമിഴകത്ത് ഇക്കുറിയൊരു ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഡി.എം.കെയും കോൺഗ്രസും ഇടതു പാർട്ടികളുമടക്കം അണി നിരക്കുന്ന ഇൻഡ്യാ മുന്നണി, അണ്ണാ ഡി.എം.കെ , ഒപ്പം എൻ.ഡി.എ .

ജി.കെ വാസവൻ നയിക്കുന്ന തമിഴ് മാനില കോൺഗ്രസും നടൻ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷിയുമാണ് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ യിലെ പ്രധാന കക്ഷികൾ. ഒപ്പം അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ടി.ടി.വി ദിനകരൻറെ അമ്മ മക്കൾ മുന്നേറ്റക്കഴകവും എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെ വിമത നേതാവ് ഒ പനീർ ശെൽവവും എൻ.ഡി.എ സഖ്യത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പനീർ ശെൽവവും ബി.ജെ.പി നേതൃത്വവുമായി ചർച്ചകൾ നടന്നു വരികയാണ്.

എടപ്പാടി പളനി സ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ ഇതുവരെ സഖ്യം പ്രഖ്യാപിച്ചിട്ടില്ല. ചെറു കക്ഷികളുമായി ചർച്ചകളാരംഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ പൂർത്തിയായിട്ടില്ല.

ബി.ജെ.പിയുടെ പഴയ കളികൾ അഥവാ തമിഴകത്തെ 'പുതിയ കളികൾ'

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയെ കളത്തിലിറക്കി ബി.ജെ.പി വൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. രാജ്യത്തൊട്ടാകെ എൻ.ഡി.എ തരംഗം അലയടിച്ചപ്പോഴും കേരളവും തമിഴ്‌നാടും തങ്ങളെ അപ്പാടെ കടപുഴക്കിയെറിഞ്ഞ നാണക്കേടിൻറെ ചരിത്രം തിരുത്താനുറച്ചാണ് ഇക്കുറി ബി.ജെ.പിയുടെ പടപ്പുറപ്പാട്.

എല്ലായിടത്തേയും പോലെ വർഗീയ ധ്രുവീകരണം തന്നെയാണ് തമിഴകത്തും ബി.ജെ.പി യുടെ പ്രധാന ലക്ഷ്യം. ഇതുവഴി വോട്ട് പെട്ടിയിലാകുമെന്നാണ് നേതൃത്വം കരുതുന്നത്. കന്യാകുമാരിയിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഡി.എം.കെയെ കടന്നാക്രമിക്കാൻ രാമക്ഷേത്രവും ചെങ്കോലും ജല്ലിക്കെട്ടുമൊക്കെയാണ് പ്രധാനമന്ത്രി ആയുധമാക്കിയത്.

'അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തമിഴ്നാട്ടിൽ കാണുന്നതിന് വിലക്ക് കൽപിച്ചവരാണ് ഡി.എം.കെ.. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചതിനെ അവർ വിവാദമാക്കി,, ജെല്ലിക്കെട്ട് തടഞ്ഞപ്പോൾ കോൺഗ്രസും ഡി.എം.കെയും കോൺഗ്രസും മൗനം പാലിച്ചു.. തമിഴ്നാടിന്റെ സംസ്‌കാരത്തെ നശിപ്പിക്കാനാണ് ഇക്കാലമത്രയും ഡി.എം.കെ ശ്രമിച്ചത്. മോദിയുള്ളിടത്തോളം തമിഴകത്തിന്റെ സംസ്‌കാരത്തിൽ കൈവക്കാൻ ആരെയും അനുവദിക്കില്ല' ഇങ്ങനെ പോകുന്നു പ്രധാനമന്ത്രിയുടെ വർത്തമാനങ്ങൾ.

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ കൊണ്ട് നേരത്തേ തന്നെ കളംപിടിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന പ്രസിഡൻറ് കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ ബി.ജെ.പി തമിഴകത്ത് ആരംഭിച്ച് കഴിഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ ക്രിസ്ത്യാനികൾ ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന തരത്തിൽ അണ്ണാമലൈ ഒരഭിമുഖത്തിൽ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. രൂക്ഷമായ ഭാഷയിലാണ് മദ്രാസ് ഹൈക്കോടതി ഇതിനെ വിമർശിച്ചത്. അണ്ണാ മലൈയുടെ 45 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിലെ വിദ്വേഷ പരാമർശങ്ങളടങ്ങിയ ആറ് മിനിറ്റ് നീണ്ട ക്ലിപ്പ് മാത്രം മുറിച്ചെടുത്താണ് ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയടക്കം പ്രചരിപ്പിച്ചത്.

അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വർഗീയ ചിന്ത ഉണർത്താനും ശ്രമിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് കുറ്റപ്പെടുത്തി. അഭിമുഖത്തിലെ വിദ്വേഷ പരാമർശങ്ങളടങ്ങിയ ആറ് മിനിറ്റ് വീഡിയോ മാത്രം പങ്കുവച്ചതിൻറെ ലക്ഷ്യം എന്താണെന്ന് വ്യക്തമാണ്. വിദ്വേഷ പരാമർശം കാരണം ഉടൻ സംഘർഷം ഉണ്ടായോ എന്നല്ല നോക്കേണ്ടത്.. ലക്ഷ്യം വച്ചയാളുകളുടെ ചിന്താഗതിയിലെ മാറ്റവും പരിഗണിക്കണം. ഇത് പിൽക്കാലത്ത് വംശഹത്യയിലേക്ക് വരെ നയിച്ചേക്കാമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

എന്നാൽ തങ്ങളുടെ പ്രചാരണങ്ങൾ തമിഴ്‌നാട്ടിൽ ഫലം കാണുന്നുണ്ടെന്ന് തന്നെയാണ് ബി.ജെ.പി ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ മാസം 15 മുൻ എം.എൽ.എ മാരും ഒരു എം.പിയുമടക്കം നിരവധി മുതിർന്ന നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്.

അന്തരീക്ഷം ഇൻഡ്യാ മുന്നണിക്ക് അനുകൂലം

ഇക്കുറി മുഴുവൻ സീറ്റുകളും പിടിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇൻഡ്യാ മുന്നണി കളത്തിലിറങ്ങുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, വി.സി.കെ, കമൽഹാസന്റെ മക്കൾ നീതിമയ്യം തുടങ്ങിയ പാർട്ടികളാണ് ഇൻഡ്യാ സഖ്യത്തിനൊപ്പമുള്ളത്. മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ 21 ഇടത്താണ് ഡി.എം.കെ മത്സരിക്കുന്നത്. കോൺഗ്രസ് ഒമ്പതിടത്ത് ജനവിധി തേടും. സി.പി.എമ്മും സി.പി.ഐ യും വിടുതലൈ ചിരുതൈകൾ കക്ഷിയും രണ്ട് സീറ്റുകളിൽ മത്സരിക്കുമ്പോൾ മുസ്ലിം ലീഗ്, എം.ഡി.എം.കെ, കെ.എം.ഡി.കെ എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലാണ് മത്സരിക്കുക. മക്കൾ നീതി മയ്യം ഇക്കുറി മത്സര രംഗത്തുണ്ടാവില്ല. എന്നാൽ ഇൻഡ്യാ മുന്നണിക്കായി പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് കമൽ ഹാസൻ. സംസ്ഥാനത്തെ പ്രധാന കക്ഷിയായ അണ്ണാം ഡി.എം.കെ എൻ.ഡി.എ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞതും അണ്ണാ ഡി.എം.കെ ക്ക് ഇതുവരെ സഖ്യ ധാരണയാവാത്തതും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ മുന്നണി.

ജാതി-സമുദായ സമവാക്യങ്ങൾ

സാമൂഹിക പരിഷ്‌കരണങ്ങൾക്ക് പേരുകേട്ട മണ്ണാണെങ്കിലും തമിഴ്‌നാട്ടിൽ ഇപ്പോഴും ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്നുണ്ട്. അത് കൊണ്ട് തന്നെ സമുദായ വോട്ടുകൾ ഇക്കുറിയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണായകമാവുമെന്നുറപ്പ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്നത് ഗൗണ്ടർ സമുദായക്കാരാണ്. പടിഞ്ഞാറൻ മേഖലയായ കൊങ്കുദേശമാണ് ഇവരുടെ പ്രബല കേന്ദ്രം. പത്ത് ശതമാനം വരുന്ന മുക്കളത്തൂർ സമുദായത്തിന്റെ സ്വാധീനം മധ്യ തെക്കൻ മേഖലകളാണ്. മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആറും ജയലളിതയുമെല്ലാം തെക്കൻ മേഖലയിൽ നിന്ന് ജയിച്ച് വന്നവരാണ്.

വടക്കൻ മേഖലയിൽ സ്വാധീനമുള്ള വണ്ണിയാർ വിഭാഗം ജനസംഖ്യയുടെ 12 ശതമാനത്തോളം വരും. മുതലിയാർ, യാദവർ, റെഡ്ഡിയാർ, കമാളർ, തുടങ്ങിയവരും സംസ്ഥാനത്ത് സ്വാധീനമുള്ള സമുദായങ്ങളാണ്. ഡി.എം.കെ സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ അണ്ണാ ദുരൈ മുതലിയാർ സമുദായക്കാരനായിരുന്നു. കന്യാകുമാരി, തിരുനെൽവേലി, വിരുദ് നഗർ, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിൽ നാടാർ വിഭാഗത്തിനുള്ള സ്വാധീനവും പ്രകടമാണ്. എങ്കിലും ജനസംഖ്യയുടെ കാര്യത്തിൽ 20 ശതമാനത്തോളം വരുന്ന ദലിത് വിഭാഗക്കാരാണ് സംസ്ഥാനത്ത് മുൻപന്തിയിലുള്ളത്. ദ്രാവിഡ രാഷ്ട്രീയത്തോടെ നേരത്തേ തന്നെ യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അണ്ണാമലൈയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - ഹാരിസ് നെന്മാറ

contributor

Similar News