ഇൻഡിഗോ വിമാന പ്രതിസന്ധി: ട്രെയിനുകളിൽ അധിക കോച്ചുമായി ദക്ഷിണ റെയിൽവേ
ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളിൽ അധിക കോച്ചുകളുമായി ദക്ഷിണ റെയിൽവേ. വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നതിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായിരിക്കെയാണ് റെയിൽവേയുടെ തീരുമാനം. ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.
1. ട്രെയിൻ നമ്പർ 20482 തിരുച്ചിറപ്പള്ളി- ജോധ്പൂർ ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ ആറ്
2. ട്രെയിൻ നമ്പർ 20481- തിരുച്ചിറപ്പള്ളി- ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ 10
3. ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്
4. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ 10
5. ട്രെയിൻ നമ്പർ 12601 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്
6. ട്രെയിൻ നമ്പർ 22158 ചെന്നൈ ബീച്ച്- മുംബൈ സിഎസ്ടി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്
7. ട്രെയിൻ നമ്പർ 22157 മുംബൈ സിഎസ്ടി- ചെന്നൈ ബീച്ച് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ഏഴ്
ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധിയാണ്. പൈലറ്റുമാരുടെ എണ്ണം കുറവ് ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി യാത്രക്കാര്‍ക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്.
ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രംഗത്തെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ശനിയാഴ്ച മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞിരുന്നു. ഡിസംബര്‍ പത്തിനും 15നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും പീറ്റര്‍ എല്‍ബേഴ്‌സ് ആവശ്യപ്പെട്ടു.
എന്നാൽ, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗിക ഇളവുകള്‍ മാത്രമാണ് നല്‍കുക. ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചത്. രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.