13കാരിയായ വീട്ടുജോലിക്കാരിയെ ഉടമയും കുടുംബവും ന​ഗ്നയാക്കി മർദിച്ചു; വീഡിയോ പകർത്തി; പട്ടിയെ കൊണ്ട് കടിപ്പിച്ചു

ഉടമയും കുടുംബവും അവളുടെ കൈകളിൽ ആസിഡ് ഒഴിക്കുകയും പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Update: 2023-12-10 04:58 GMT

ഗുരു​ഗ്രാം: വീട്ടുജോലിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ഉടമയുടെ ക്രൂരത. 13കാരിയായ പെൺകുട്ടിയെ ന​ഗ്നയാക്കി മർദിച്ച കുടുംബം പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. ഹരിയാന ​ഗുരു​ഗ്രാമിലെ സെക്ടർ 57ലാണ് സംഭവം. ബിഹാർ സ്വദേശിനിയായ പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ശശി ശർമയെന്നയാളും കുടുംബവുമാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്.

ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീ പെൺകുട്ടിയെ പലപ്പോഴും മർദനത്തിന് ഇരയാക്കാറുണ്ടെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടും ചുറ്റിക കൊണ്ടും അടിക്കാറുണ്ട്. അവരുടെ രണ്ട് ആൺമക്കളെ കൊണ്ട് പെൺകുട്ടിയുടെ വസ്ത്രങ്ങൾ ബലംപ്രയോ​ഗിച്ച് അഴിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.‌‌

Advertising
Advertising

വായിൽ ടേപ്പ് ഒട്ടിച്ച് മുറിയിൽ തടവിലാക്കിയ പെൺകുട്ടിയെ അമ്മ എത്തിയപ്പോഴാണ് മോചിപ്പിച്ചത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുയായിരുന്നു. 48 മണിക്കൂറിൽ ഒരിക്കൽ മാത്രമാണ് മകൾക്ക് ഭക്ഷണം നൽകിയിരുന്നതെന്നും ഒച്ച വയ്ക്കാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിച്ചെന്നും അമ്മ പരാതിയിൽ പറയുന്നു.

ഉടമയും കുടുംബവും അവളുടെ കൈകളിൽ ആസിഡ് ഒഴിക്കുകയും പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സെക്ടർ 51 വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ജൂൺ 27ന് സെക്ടർ 57ലെ ശശി ശർമയുടെ വീട്ടിൽ സമീപത്തുള്ള വാഹനങ്ങൾ വൃത്തിയാക്കുന്ന ഒരാളുടെ സഹായത്തോടെ മകൾക്ക് ജോലി ലഭിച്ചു.

പെൺകുട്ടി തങ്ങളോടൊപ്പം താമസിക്കണമെന്ന് പറഞ്ഞ കുടുംബം പ്രതിമാസം 9,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യ രണ്ട് മാസത്തേക്ക് മാത്രമാണ് തുക ലഭിച്ചതെന്ന് അമ്മ പറയുന്നു. "ഞാൻ എന്റെ മകളെ കാണാൻ പലതവണ പോയിരുന്നു. പക്ഷേ അവളെ കാണാനോ ഫോണിൽ സംസാരിക്കാനോ അനുവദിച്ചില്ല"- അമ്മ പറഞ്ഞു.

പരാതിയെത്തുടർന്ന് ശശി ശർമയ്ക്കും രണ്ട് ആൺമക്കൾക്കും എതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 10, ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75, പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തിനെതിരായ അതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News