മുംബൈ പീഡനം; മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി - ഗവർണർ പോര്

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീപീഡന വിവരങ്ങള്‍ താക്കറെയും പുറത്തുവിട്ടു.

Update: 2021-09-21 16:49 GMT
Editor : Suhail | By : Web Desk
Advertising

മഹാരാഷ്ട്രയിലെ കുപ്രസിദ്ധമായ സാകീനാകാ പീഡനക്കേസിനെ ചൊല്ലി മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ഉടക്ക്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പശ്ചാതലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന ഗവർണർ ബി.എസ് കോശ്യാരിയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ ചൊടിപ്പിച്ചത്.

സ്ത്രീ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് വിളിച്ചുചേർക്കേണ്ടതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഇത്തരത്തിലുള്ള ഗവർണറുടെ അമിതാധികാര പ്രയോഗം പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ ഉദ്ധവ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വർധിക്കുന്ന സ്ത്രീപീഡന കണക്കും പുറത്തുവിട്ടു.

കഴിഞ്ഞ ദിവസമാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ഗവർണർ കത്തയച്ചത്. എന്നാൽ രാഷ്ട്രീയക്കാരനെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്നായിരുന്നു ഉദ്ധവ് വിമർശിച്ചത്. ഈ മാസം തുടക്കത്തിൽ മുംബൈയിലെ സാകീനാകയിൽ ടെമ്പോ വാനിൽ വെച്ച് യുവതി ക്രൂരമായി പീഡിനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഗവർണർ കത്തെഴുതിയത്.

സാക്കിനാക്കയിലെ ഖൈരാനി റോഡിൽ വെള്ളിയാഴ്ച പുലർച്ചെയാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി ഇരുമ്പുദണ്ഡ് കയറ്റിയിരുന്നു.

36 മണിക്കൂറോളം ജീവനുവേണ്ടി പോരാടിയ ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മോഹിത് ചൗഹാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനുശേഷം ഇയാൾ യുവതിയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വഴിയാത്രക്കാരനാണ് ചോരയിൽ കുളിച്ച് അബോധാവാസ്ഥയിൽ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്.

എന്നാൽ ഗവർണറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വിമർശിച്ച ഉദ്ധവ് താക്കറെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും, കേന്ദ്രംആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹിയിലെയും സ്ത്രീസുരക്ഷയെ പറ്റിയുള്ള വിവരവും പുറത്തുവിടുകയായിരുന്നു. ഗവർണറുടെ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 150 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.

പതിനാലായിരത്തോളം മിസിംഗ് കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദിനംപ്രതി പതിനാല് സ്ത്രീകൾ ഗുജറാത്തിൽ പീഡനം നേരിടുന്നു. ഈ കണക്കനുസരിച്ച്, ഒരു മാസം നീളുന്ന പ്രത്യേക സെഷൻ ഗുജറാത്ത് സംഘടിപ്പിക്കണമെന്നും താക്കറെ പരിഹസിച്ചു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News