കുംഭമേളക്കുള്ള ട്രെയിനിൽ കയറാനാകുന്നില്ല; എസി കോച്ചിന്‍റെ ചില്ല് തകർത്ത് ഭക്തർ
ബിഹാറിൽ നിരവധിയിടങ്ങളിൽ ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി
പട്ന: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്ക് പോകുന്ന ട്രെയിനിൽ തിരക്ക് കാരണം കയറാൻ സാധിക്കാത്തതിനെ തുടർന്ന് കല്ല് കൊണ്ട് ആക്രമിച്ച് ഭക്തർ. ബിഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിൽ സ്വതന്ത്ര സേനാനി എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രകോപിതരായ യാത്രക്കാർ ട്രെയിനിന് നേരെ കല്ല് കൊണ്ട് എറിയുന്നതും എസി കോച്ചിന്‍റെ ചില്ല് തകർക്കുന്നതും ബലംപ്രയോഗിച്ച് അകത്തേക്ക് കയറുന്നതും വിഡിയോയിൽ കാണാം.
എസി കോച്ചുകൾ കുംഭമേളക്ക് പോകുന്ന ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നതിനാൽ വാതിലുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്റ്റേഷനിൽ തിരക്ക് വർധിച്ചതോടെ ചില യാത്രക്കാർ ജനാലയിലൂടെ കയറാൻ ശ്രമിച്ചു. മറ്റു ചിലർ പ്രകോപിതരായി കല്ലെറിയുകയും ഗ്ലാസ് തകർക്കുകയും ചെയ്തു.
മധുബനിക്കും ദർഭംഗയ്ക്കും ഇടയിലും ട്രെയിനിന് നേരെ ആക്രമണമുണ്ടായി. M1 മുതൽ B5, A1 വരെയുള്ള കോച്ചുകളുടെ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചു. സമസ്തിപൂർ സ്റ്റേഷനിൽ സ്ഥിതി കൂടുതൽ വഷളായി. വലിയ ജനക്കൂട്ടം ജനാലകളിലൂടെ എസി കോച്ചുകളിലേക്ക് കയറിയതോടെ കമ്പാർട്ടുമെന്റുകൾ ജനറൽ കോച്ചുകൾക്ക് തുല്യമായി മാറി.
മാഘപൂർണിമയ്ക്കായി മിഥിലാഞ്ചൽ മേഖലയിൽനിന്ന് ആയിരങ്ങളാണ് പ്രയാഗ്‌രാജിലേക്ക് പോകുന്നത്. എന്നാൽ, വലിയ തിരക്ക് ക്രമസമാധാനനില തകർത്തു. പരിക്കേറ്റ യാത്രക്കാരെ ചികിത്സിക്കാൻ വന്ന മെഡിക്കൽ സംഘങ്ങൾക്ക് ജനക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റെയിൽവേ പൊലീസും പാടുപെട്ടു. ട്രെയിൻ സമസ്തിപൂരിൽനിന്ന് ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ചൊവ്വാഴ്ച ബിഹാറിലെ സിവാനിൽ ലാച്ച്വി എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായി.