Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
രാജ്യം നേരിട്ട ഏറ്റവും ദാരുണമായ ആകാശദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അപകടത്തിന്റ ഞെട്ടൽ വിട്ടുമാറാതെ യാത്രക്കാരനായ വിശ്വാസ് കുമാർ രമേശ്. എമർജൻസി എക്സിറ്റ്‍വഴി പുറത്തേക്ക് ചാടിയാണ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്.
ഗുജറാത്തിലെ കുടുംബത്തെ സന്ദർശിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്.
അപകടത്തെക്കുറിച്ചു ലോകത്തോട് വിളിച്ചുപറയാനായി കാലം കാത്ത് വച്ച സാക്ഷിയെന്നാണ് ഡോക്ടർമാർ വിശ്വാസ് കുമാർ രമേഷിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ആഘാതത്തിൽ നിന്നും പൂർണമായി മുക്തനാകാത്ത വിശ്വാസിന് നടന്നതിനെക്കുറിച്ചു കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നതേയില്ല. മരണത്തെ മുഖാമുഖം കാണുമ്പോൾ പൈലറ്റ് അവസാനമയക്കുന്ന മെയ്ഡ് സന്ദേശം കേട്ടാണ് ജീവന്റെ വാതലായ എമർജൻസി എക്സിറ്റിലേക്ക് നീങ്ങിയത് . അരമിനിട്ടിനുള്ളിൽ എല്ലാം അവസാനിച്ചു എന്ന് തോന്നിയ സ്ഥലത്ത് നിന്നാണ് ജീവൻ മുറുകെ പിടിച്ചു വിശ്വാസിന്റെ പുനർജ്ജന്മം. എമർജൻസി എക്സിറ്റിൽ നിന്നും പുറത്തേക്ക് ചാടുമ്പോൾ കുടുംബം മാത്രായിരുന്നു മനസ്സിൽ. കരിക്കട്ട പോലെ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്കിടയിലൂടെ മുടന്തി ജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു . ആംബുലൻസിലേക്ക് നടന്നു കയറിയ വിശ്വാസ് , വിമാന യാത്രക്കാരൻ ആണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. വിമാനം വീണു പരുക്കേറ്റ വിദ്യാർഥികളുടെയും സമീപവാസികളുടേയും ഒപ്പം ചികിത്സിച്ചു. യാത്രക്കാർ ആരും രക്ഷപ്പെട്ടില്ല എന്ന് പറഞ്ഞ അഹമ്മദാബാദ് പൊലീസ് കമ്മീഷ്ണർ തന്നെയാണ് അത്ഭുത മനുഷ്യന്റെ വിവരം ലോകത്തോട് പങ്ക് വച്ചത്. പ്രധാന മന്ത്രി ഉൾപ്പെടെയുള്ള സന്ദർശകരോട് വിശ്വാസ് ഇപ്പോഴും പറയുന്നത്, രക്ഷപെട്ടതിന്റെ രഹസ്യം ഇനിയും പിടികിട്ടിയില്ല എന്നാണ്.
വിശ്വാസ് കുമാർ രമേശിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. വിശ്വാസ് കുമാർ രമേശ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചതായും ഡോക്ടർമാർ അറിയിച്ചു.