ഇവിടെ തൊഴിലില്ലായ്മയില്ല, കോണ്‍ഗ്രസിന്‍റെ രാജകുമാരന് മാത്രമാണ് പണിയില്ലാത്തതെന്ന് ബി.ജെ.പി എം.പി

രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിവുള്ളവർക്കും കഠിനാധ്വാനികൾക്കും മതിയായ അവസരങ്ങളുണ്ടെന്നും തേജസ്വി ആഞ്ഞടിച്ചു

Update: 2022-02-11 02:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്ത്. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിവുള്ളവർക്കും കഠിനാധ്വാനികൾക്കും മതിയായ അവസരങ്ങളുണ്ടെന്നും തേജസ്വി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജകുമാരന്‍ മാത്രമാണ് നിലവില്‍ പണിയില്ലാതെ ഇരിക്കുന്നതെന്നും തേജസ്വി പരിഹസിച്ചു. ബംഗളൂരു സൗത്തിൽ നിന്നുള്ള എം.പിയാണ് തേജസ്വി.

അതിസമ്പന്നരും ദരിദ്രരും ഉള്‍ക്കൊള്ളുന്ന രണ്ട് ഇന്ത്യയാണുള്ളതെന്ന രാഹുലിന്‍റെ പ്രസ്താവനയെ അധികരിച്ച് ഇന്ത്യയെ തരംതിരിക്കേണ്ടത് 'മോദിക്ക് മുമ്പുള്ള ഇന്ത്യ, മോദിക്ക് ശേഷമുള്ള ഇന്ത്യ എന്ന രീതിയിലാണെന്ന് തേജസ്വി പറഞ്ഞു. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇന്ന് അത് കുറഞ്ഞു. മോദിക്ക് മുന്‍പ് രാജ്യത്തിന്‍റെ ജി.ഡി.പി 110 ലക്ഷം കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് 230 ലക്ഷം കോടിയായി വര്‍ധിച്ചു. ബുധനാഴ്ച ലോക്‌സഭയിൽ ബജറ്റിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സൂര്യ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയും അവരുടെ രാജകീയ നേതാക്കളും തങ്ങളുടെ രാഷ്ട്രീയ തൊഴിലില്ലായ്മയെ രാജ്യത്തെ തൊഴിലില്ലായ്മയായി ചിത്രീകരിക്കുകയാണ്. കഠിനാധ്വാനികൾക്കും കഴിവുള്ളവർക്കും എല്ലാ അവസരങ്ങളും ഉണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യം ഒരു സാമ്പത്തിക അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്. പരിഷ്കാരങ്ങളുടെ പുരോഗതിയും വേഗവും അഭൂതപൂർവമാണെന്നും തേജസ്വി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News