'കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ല': രാഹുൽ ​ഗാന്ധി

'സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രം'

Update: 2025-02-03 12:56 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ലെന്ന് രാഹുൽ ​ഗാന്ധി ലോക്സഭയിൽ. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുന്നത് യുവാക്കളാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ല. യുപിഎ സര്‍ക്കാരിനോ എന്‍ഡിഎ സര്‍ക്കാരിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞു. ഉല്‍പാദനമേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ 10 വര്‍ഷം മുന്നിലാണ്. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്‍റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുന്നു. ഡാറ്റയെ ആശ്രയിച്ചാണ് എഐ. മുന്നോട്ടു പോകുന്നത്. നമ്മുടെ ഡാറ്റകള്‍ സൂക്ഷിക്കുന്നത് വിദേശകമ്പനികളാണ്'- രാഹുൽ ​ഗാന്ധി പറഞ്ഞു.രാജ്യസുരക്ഷയെക്കുറിച്ച് രാഹുല്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ഭരണപക്ഷം ആരോപിച്ചു. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം ശ്രമം നടത്തി.

 മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്ന് രാഹുൽ ഗാന്ധി. അഞ്ച് മാസത്തിനിടെ 70 ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ ചേർത്തതതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

'ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും' രാഹുൽ ആവശ്യപ്പെട്ടു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News