Writer - അൻഫസ് കൊണ്ടോട്ടി
anfas123
ഭോപാല്‍: ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവനെടുത്ത് രാജ്യത്തെ നടുക്കിയ ഭോപാല്‍ ഗ്യാസ് ദുരന്തത്തിന് ഇന്ന് 41 വയസ്. ഭോപാല്‍ ഗ്യാസ് ദുരന്തത്തിന്റെ ഓര്‍മദിവസമായ ഇന്ന് രാജ്യം മലിനീകരണ നിയന്ത്രണദിനമായി തെരഞ്ഞെടുത്തിരിക്കുകയാണ്. വിഷപ്പുകയില്‍ നീറിപ്പുകഞ്ഞ് പതിനായിരങ്ങള്‍ സഹിച്ച പ്രാണവേദനയ്ക്ക് 41 വര്‍ഷങ്ങള്‍ക്കിപ്പുറവും വായുമലിനീകരണത്തില്‍ വലഞ്ഞിരിക്കുകയാണ് രാജ്യതലസ്ഥാനം.
1984 ഡിസംബര്‍ 2നാണ് ഭോപാല്‍ ദുരന്തം അഥവാ ഭോപാല്‍ ഗ്യാസ് അപകടം സംഭവിച്ചത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിലെ കാര്‍ബൈഡ് കെമിക്കല്‍ പ്ലാന്റില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് പതിനായിരത്തിലധികം മനുഷ്യജീവനുകള്‍.
പ്ലാന്റിലെ സാമഗ്രികളുടെ അപര്യാപ്തതയും കൈകാര്യം ചെയ്യുന്നതിലുമുണ്ടായ വീഴ്ചയും കാരണമായി 45 ടണ്‍ എംഐസി ഗ്യാസ് ലീക്കാവുകയായിരുന്നു. ഇതേതുടര്‍ന്ന് അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് വിഷവാതകം ശ്വസിക്കേണ്ടതായും വരികയുണ്ടായി.
ജനസാന്ദ്രത ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ വാതകം ദ്രുതഗതിയില്‍ ജനങ്ങളിലേക്കെത്തി. ആയിരക്കണക്കിന് ആളുകള്‍ തല്‍ക്ഷണം മരണപ്പെട്ടു. ഇരുപതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് അന്തിമ കണക്കുകള്‍. അതിലുമേറെയാളുകള്‍ ദുരന്തത്തില്‍ അതിജീവിച്ചെങ്കിലും വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇവരെ തള്ളിവിടുകയും ചെയ്തു.
ജീവന്‍ പൊലിഞ്ഞ 20000 ആളുകള്‍ക്ക് പുറമെ ദുരന്തബാധിതരായ ആറ് ലക്ഷം തൊഴിലാളികളും ഭോപാല്‍ ഗ്യാസ് ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നു. കൂടാതെ, പ്രദേശത്ത് പുതുതായി ജനിക്കുന്ന കുട്ടികളെയടക്കം ബാധിക്കുന്ന ദൂരവ്യാപകമായ വിപത്തുകള്‍ക്കിടയാക്കിയ ദുരന്തമായിരുന്നു ഭോപാല്‍ ഗ്യാസ് ദുരന്തം. മനുഷ്യര്‍ക്ക് പുറമെ നിരവധി ജന്തുജീവജാലങ്ങളെയും ഭീകരമായി ദുരന്തം ബാധിക്കുകയും ചെയ്തു.
വായുമലിനീകരണത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യം ഓരോ ഡിസംബര്‍ രണ്ടാം തിയ്യതിയും മലിനീകരണ നിയന്ത്രണദിനമായി തെരഞ്ഞെടുത്തത് ഇതിന് പിന്നാലെയാണ്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി കൂടിയാണ് രാജ്യം ഈ ദിവസം മലിനീകരണ നിയന്ത്രണദിനമായി ആചരിക്കുന്നത്. വായുമലിനീകരണത്തിന്റെ അപകടത്തെ കുറിച്ചും അതിന്റെ വ്യത്യസ്ഥമായ തലങ്ങളെ കുറിച്ചും രാജ്യത്തെ ജനങ്ങളില്‍ ജാഗ്രത കൊണ്ടുവരുന്നതിനായി വ്യത്യസ്തമായ പരിപാടികള്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്.
ഭോപാല്‍ ദുരന്തത്തിന് 41 വര്‍ഷങ്ങള്‍ക്കിപ്പുറവും വായുമലിനീകരണത്തില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ് തലസ്ഥാനനഗരി. നിയന്ത്രണാധീതമാക്കുന്നതിനായി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ ഹേതുവായി ഇന്നും നീറിപ്പുകയുകയാണ് തലസ്ഥാനം. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ചുകളയാനും ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുമൊന്നും ഡല്‍ഹിയെ വിഷപ്പുകയില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചിട്ടില്ല.