അബ്ദുറഹ്മാൻ വധക്കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് അറസ്റ്റിലായത്.
Update: 2025-05-29 15:26 GMT
മംഗളൂരു: ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് അറസ്റ്റിലായത്.
ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയിൽ നിന്നാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ബണ്ട്വാൾ റൂറൽ പൊലീസ് അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായവർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തിരുന്നു.