ടിഎംസി രാജ്യസഭാ എംപി ജവഹർ സിർക്കാർ രാജിവെച്ചു; മമത സർക്കാരിനെതിരെ വിമർശനം

ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗക്കൊലയിൽ സർക്കാർ സ്വീകരിച്ച നടപടികൾ വൈകിയതിൽ ജവഹർ സിർക്കാർ അതൃപ്തി പ്രകടിപ്പിച്ചു.

Update: 2024-09-08 09:43 GMT

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് എംപിയുടെ രാജി. രാജ്യസഭാ എംപി ജവഹർ സിർക്കാർ ആണ് രാജിവെച്ചത്. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് അയച്ച കത്തിൽ സിർക്കാർ പറഞ്ഞു.

അഴിമതിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ നിരാശയുണ്ടെന്ന് സിർക്കാർ പറഞ്ഞു. ഉന്നത സ്ഥാനം വഹിക്കുന്ന ഡോക്ടർമാർ അടക്കമുള്ളവർ അഴിമതി നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ മൂന്നു വർഷക്കാലം ബംഗാളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ അവസരം നൽകിയതിൽ സന്തോഷമുണ്ട്. എന്നാൽ എംപി സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. അഴിമതിക്കും വർഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഐഎഎസ് ഉദ്യോഗസ്ഥനായ സിർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം 70-ാം വയസ്സിലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ബിജെപി നേതൃത്വത്തിന്റെ ഏകാധിപത്യപരവും വർഗീയവുമായ രാഷ്ട്രീയത്തെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗക്കൊലയിൽ സർക്കാർ സ്വീകരിച്ച നടപടികൾ വൈകിയതിൽ സിർക്കാർ അതൃപ്തി പ്രകടിപ്പിച്ചു. സമരം ചെയ്ത ജൂനിയർ ഡോക്ടർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി നേരത്തെ ചെയ്യുന്നത് പോലെ വേഗത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആവശ്യമായ നടപടികൾ യഥാസമയത്ത് ഉണ്ടായില്ലെന്ന് സിർക്കാർ പറഞ്ഞു.

ആർജി കർ മെഡിക്കൽ കോളജിലെ സംഭവത്തിൽ സർക്കാർ നിലവിൽ സ്വീകരിച്ച നടപടികളെ വളരെ വൈകി സ്വീകരിച്ച ചെറിയ നടപടിയെന്നാണ് സിർക്കാർ വിശേഷിപ്പിച്ചത്. അഴിമതിക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാനും ഭരണപരമായ പരാജയങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാനും നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ നിയന്ത്രണവിധേയമാകുമായിരുന്നു എന്നും സിർക്കാർ ചൂണ്ടിക്കാട്ടി.

എംപിയെന്ന നിലയിൽ തന്റെ മൂന്നു വർഷത്തെ കാലയളവിൽ മോദി സർക്കാരിന്റെ ഏകാധിപത്യപരവും വിവേചനപരവും ഫെഡറൽ വിരുദ്ധവുമായി നടപടികൾക്കെതിരെ പോരാടിയെന്ന് സിർക്കാർ വ്യക്തമാക്കി. പാർട്ടിയിലെ അഴിമതിക്കെതിരെ വിരൽചൂണ്ടിയപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്കെതിരായി. നിരാശനായെങ്കിലും പാർട്ടി കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പദവിയിൽ തുടരാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ വർഷം നടത്തിയ ഒരു പൊതു കാമ്പയിന് ശേഷം പാർട്ടി ഇക്കാര്യത്തിൽ അമാന്തം കാണിച്ചതോടെ തന്റെ പ്രതീക്ഷകൾ അവസാനിച്ചെന്നും സിർക്കാർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News