ബംഗാളിൽ ടിഎംസി സോണൽ പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു; മൂന്ന് ദിവസത്തിനുള്ളിൽ മൂന്നാമത്തെ കൊലപാതകം
തലയിൽ വെടിയേറ്റ നിലയിൽ ഘോഷിനെ വീടിന് പുറത്തുള്ള റോഡിൽ കണ്ടെത്തിയതിനെത്തുടർന്ന് മാൾ പ്രദേശത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂമിൽ ടിഎംസി സോണൽ പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് തൃണമൂൽ കോൺഗ്രസ് സോണൽ യൂണിറ്റ് പ്രസിഡന്‍റ് പിജുഷ് ഘോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ടിഎംസി സോണൽ നേതാവും മൂന്നാമത്ത പാര്‍ട്ടി പ്രവർത്തകനുമാണ് പിജുഷ് ഘോഷ് എന്ന് പൊലീസ് പറഞ്ഞു.
ടിഎംസിയുടെ സിരിന്ധിപൂർ സോണൽ യൂണിറ്റ് പ്രസിഡന്‍റും ബിർഭുമിലെ പ്രാദേശിക പഞ്ചായത്ത് സമിതിയുടെ ഭാരവാഹിയുമായ ഘോഷ്, ഒരു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് പുലർച്ചെ 12.30 ഓടെ മോട്ടോർ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. “പുലർച്ചെ രണ്ട് മണിയോടെ മൗസുമി മാൾ എന്ന സ്ത്രീ പിന്നിൽ നിന്ന് ഒരാൾ ഘോഷിനെ വെടിവയ്ക്കുന്നത് കണ്ടതായി പറഞ്ഞു. ഘോഷ് മാളിനെ കാണാൻ എത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി,” പൊലീസ് പറഞ്ഞു. തലയിൽ വെടിയേറ്റ നിലയിൽ ഘോഷിനെ വീടിന് പുറത്തുള്ള റോഡിൽ കണ്ടെത്തിയതിനെത്തുടർന്ന് മാൾ പ്രദേശത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
"ഘോഷിന് വെടിയേറ്റപ്പോൾ മാൾ പ്രധാന വാതിലിൽ നിൽക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് നിഗമനം. രക്തത്തിൽ കുളിച്ചുകിടന്ന ഘോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊലീസിൽ അറിയിച്ചില്ല," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു .മാൾ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഘോഷ് പ്രാദേശിക നദീതടങ്ങളിൽ നിന്നുള്ള മണൽ വിറ്റിരുന്നു. ഇത് മുൻകാലങ്ങളിൽ എതിരാളികളായ ടിഎംസി ഗ്രൂപ്പുകൾക്കിടയിൽ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
"രാഷ്ട്രീയമാണ് അദ്ദേഹത്തിന്‍റെ ജീവനെടുത്തത്. രാഷ്ട്രീയവും ബിസിനസും ഉപേക്ഷിക്കാൻ ഞാൻ പലതവണ അപേക്ഷിച്ചു, പക്ഷേ അദ്ദേഹം അത് കേട്ടില്ല. എന്‍റെ മകന് സർക്കാർ ഒരു ജോലി നൽകണം. ഞങ്ങൾ എങ്ങനെ അതിജീവിക്കും?" ഘോഷിന്‍റെ ഭാര്യ ടിസ്റ്റ ഘോഷ് പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ ഘോഷിന് വധഭീഷണി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ സഹോദരഭാര്യ ശാന്തി പറഞ്ഞു."പാർട്ടി സ്ഥാവം ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എന്‍റെ സഹോദരനെ ഭീഷണിപ്പെടുത്തുന്ന കുറിപ്പുകൾ ഞങ്ങളുടെ പ്രധാന വാതിലിൽ ഒട്ടിച്ചിരുന്നു," അവർ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിർഭുമിലെ ലാബ്പൂരിൽ നിന്നുള്ള ടിഎംസി എംഎൽഎ അഭിജിത് സിൻഹ ആരോപിച്ചു.