Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: 2025 ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അവരുടെ ജേഴ്‌സി സ്പോന്സേഴ്സ് ആയിട്ടുള്ള ഡ്രീം 11 കമ്പനിയുമായി പിരിയേണ്ടി വന്നു. ഫാന്റസി സ്പോർട്സ് ഭീമന്മാരായ ഡ്രീം11 പെട്ടെന്ന് പുറത്തുപോയതിനെത്തുടർന്ന് ടീം ഇന്ത്യയുടെ ജേഴ്‌സിക്ക് പുതിയ ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഡ്രീം11 ന് ശേഷം ടൊയോട്ട മോട്ടോഴ്‌സ് ടീം ഇന്ത്യയുടെ ജേഴ്‌സി സ്പോൺസർ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.
എൻഡിടിവി ഉദ്ധരിച്ച സ്രോതസ്സുകൾ പ്രകാരം ടൊയോട്ടയും ഒരു ഫിൻടെക് സ്റ്റാർട്ടപ്പും ഇന്ത്യൻ ടീമിന്റെ ജേഴ്‌സി സ്പോൺസർ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിസിസിഐ ഇതുവരെ ഔദ്യോഗിക ടെൻഡർ പ്രക്രിയ ആരംഭിച്ചിട്ടില്ല. സെപ്റ്റംബർ 14 ന് ദുബായിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം പോലുള്ള പ്രധാനപ്പെട്ട ഇവന്റുകളിൽ ഇന്ത്യൻ ജേഴ്‌സിക്ക് ലഭിക്കാവുന്ന വലിയ ആഗോള ദൃശ്യപരത മുതലെടുത്ത് ഡ്രീം11 കരാറിന്റെ സാമ്പത്തിക മൂല്യത്തെ മറികടക്കുന്ന ഒരു കരാറാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്.
ടൊയോട്ടയ്ക്ക് നിലവിൽ ഓസ്‌ട്രേലിയയുമായും ഇംഗ്ലണ്ടുമായും കരാറുണ്ട്. കമ്പനി ഇതിനകം തന്നെ അവരുടെ ജേഴ്‌സികൾ സ്‌പോൺസർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇസിബി മുൻ സ്‌പോൺസറായ സിഞ്ചുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ജാപ്പനീസ് മോട്ടോർ കമ്പനിയാണ് ഇംഗ്ലണ്ട് ജേഴ്‌സിയുടെ പ്രധാന സ്‌പോൺസർ.
ഇന്ത്യയുമായി ടൊയോട്ട കരാർ കൃത്യസമയത്ത് പൂർത്തിയായില്ലെങ്കിൽ ഏഷ്യ കപ്പിൽ ടീം ഇന്ത്യ ജേഴ്‌സി സ്പോൺസറില്ലാതെ കളിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു ഫിൻടെക് കമ്പനിയും ബിസിസിഐയുമായി ഒരു കരാർ കണ്ടെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഒന്നും തീരുമാനിച്ചില്ലെങ്കിൽ ഇന്ത്യ മുന്നിൽ ഒരു ലോഗോ ഇല്ലാതെ കളിക്കും. ഡ്രീം 11 ൽ നിന്ന് ലഭിച്ചതിനേക്കാൾ കൂടുതൽ പണം ബിസിസിഐ ലക്ഷ്യമിടുന്നുണ്ടെന്നും അത് പുതിയ കമ്പനികൾക്ക് ഒരു തടസമായേക്കാമെന്നും റിപ്പോർട്ടുണ്ട്.