'എസ്‌ഐആർ ഭീതിയിൽ ബംഗാളിൽ ആളുകൾ മരിക്കുന്നു'; വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകളെന്ന് തൃണമൂൽ കോൺഗ്രസ്
എസ്‌ഐആറിന് എതിരെ ചൊവ്വാഴ്ച ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നുണ്ട്
Mamata Banerjee | Photo | PTI
കൊൽക്കത്ത: എസ്‌ഐആർ നടപ്പാക്കുമ്പോൾ പൗരത്വം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ബംഗാളിൽ ആളുകൾ മരിക്കുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം 60 കാരി മരിച്ചത് വോട്ടർപട്ടിക പരിഷ്‌കരണത്തെ കുറിച്ചുള്ള ഭയം മൂലമാണെന്ന് തൃണമൂൽ ആരോപിച്ചു. കൊൽക്കത്തക്ക് അടുത്തുള്ള ഹൂഗ്ലിയിലെ ഡാങ്കുനിയിൽ 20-ാം വാർഡിൽ മകളോടൊപ്പം താമസിച്ചിരുന്ന ഹസീന ബീഗം ഞായറാഴ്ച രാത്രി കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Another precious life lost to @BJP4India’s politics of fear and hatred. In just a few days we have seen:
— All India Trinamool Congress (@AITCofficial) November 1, 2025
🚨 57-year-old Pradeep Kar of Panihati, Khardaha who died by suicide and blamed the NRC in his note
🚨 A 63-year-old man from Jitpur, Dinhata, Cooch Behar, who attempted to… pic.twitter.com/Uefo8aOy7c
മരിക്കുന്നതിന്റെ തലേദിവസം ഡാങ്കുനിയിലെ ആളുകൾ എസ്‌ഐആറിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാനായി യോഗം ചേർന്നിരുന്നു. അതിൽ ഹസീനയും പങ്കെടുത്തിരുന്നു. 2002ലെ വോട്ടർ പട്ടികയിൽ ഹസീനയുടെ പേരുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്കും കുട്ടികൾക്കും എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ അവർക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് ഡാങ്കുനി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഹസീന ഷബ്‌നം പറഞ്ഞു.
എസ്‌ഐആർ പ്രഖ്യാപനം വന്നതിന് പിന്നാലെ നോർത്ത് 24 പർഗാനാസിലെ പാനിഹതിയിൽ നിന്നുള്ള 57 കാരനായ പ്രദീപ് കുമാർ ആത്മഹത്യ ചെയ്തിരുന്നു. തന്റെ മരണത്തിന് കാരണം എസ്‌ഐആർ ആണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ബിർഭുമിലെ ഇലംബസാറിൽ താമസിക്കുന്ന 95 വയസുള്ള ക്ഷിതിഷ് മജുംദാറും എസ്‌ഐആറിന്റെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു.
കുടിയേറ്റ തൊഴിലാളിയായ ബിമൽ സാന്ദ്ര മരിച്ചത് എസ്‌ഐആർ ഭീതിയിലാണെന്ന് തൃണമൂൽ കഴിഞ്ഞ ദിവസം എക്‌സ് പോസ്റ്റിൽ പറഞ്ഞിരുന്നു. ബിജെപിയുടെ ഭയത്തിന്റെ വെറുപ്പിന്റെയും രാഷ്ട്രീയമാണ് മരണത്തിന് ഉത്തരവാദിയെന്ന് തൃണമൂൽ ആരോപിച്ചു.
ഭയപ്പെടുത്താനും നാടുകടത്താനും രൂപകൽപ്പന ചെയ്ത ഒരു നടപടിയുടെ വിലയാണ് ഈ മരണങ്ങൾ. എസ്‌ഐആർ ഭീഷണിപ്പെടുത്താനുള്ള ഒരു ഉപകരണമാണ്. ബംഗാൾ ജനതയുടെ പൗരത്വത്തെയും അവകാശത്തെയും ചോദ്യം ചെയ്യുകയാണ്. ബിജെപിയുടെ കൈകളിൽ ഇവരുടെ രക്തമുണ്ട്. വിദ്വേഷരാഷ്ട്രീയം നശിപ്പിച്ച ഓരോ ജീവനും ഉത്തരം പറയേണ്ടിവരുമെന്നും തൃണമൂൽ കോൺഗ്രസ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.