വീണ്ടും ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തൃണമൂല്‍ നേതാവ് മുകുള്‍ റോയ്

പിതാവ് അസുഖബാധിതനാണെന്നും അദ്ദേഹത്തെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മകന്‍

Update: 2023-04-19 05:24 GMT

Mukul Roy

Advertising

കൊല്‍ക്കത്ത: ബി.ജെ.പിയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്. ഡല്‍ഹിയിലെത്തിയ മുകുള്‍ റോയ് ഒരു ബംഗാളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ-

"ഞാന്‍ ഇപ്പോഴും ബി.ജെ.പി എം.എല്‍.എയാണ്. ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. അമിത് ഷായെയും ജെ.പി നദ്ദയെയും കാണാന്‍ ആഗ്രഹമുണ്ട്"- മുകുള്‍ റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ മുകുള്‍ റോയ് മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ 2017ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2020ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ല്‍ എം.എല്‍.എ ആയി വിജയിച്ച ശേഷം മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലെത്തി. എം.എല്‍.എ സ്ഥാനം രാജിവെക്കാതെയാണ് അദ്ദേഹം തൃണമൂലില്‍ തിരിച്ചെത്തിയത്.

"കുറച്ചുകാലമായി സുഖമില്ലാത്തതു കൊണ്ട് ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. രാഷ്ട്രീയത്തില്‍ സജീവമാകും. തൃണമൂലുമായി ഇനി ചേരില്ലെന്ന് 100 ശതമാനം ഉറപ്പാണ്"- മുകുള്‍ റോയ് പറഞ്ഞു.

മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍ സുഭ്രഗ്ഷു റോയി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുകുള്‍ റോയിയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് മകന്‍ പറഞ്ഞത്. പിന്നാലെ മുകുള്‍ റോയ് ഡല്‍ഹിയിലെത്തിയെന്ന് സ്ഥിരീകരിച്ചു. പിതാവ് അസുഖബാധിതനാണെന്നും അദ്ദേഹത്തെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മകന്‍ അഭ്യര്‍ഥിച്ചു. മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് കുടുംബത്തെ പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങളും അദ്ദേഹത്തിനുണ്ടെന്ന് മകന്‍ പറഞ്ഞു.

അതേസമയം മകനെ കുറിച്ചുള്ള ചോദ്യത്തിന് അവന്‍ കൂടി ബി.ജെ.പിയില്‍ ചേരണമെന്ന് മുകുള്‍ റോയ് പ്രതികരിച്ചു. അതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Summary- Veteran Trinamool Congress leader Mukul Roy expresses desire to join BJP

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News