'ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്': ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെ തുടർന്ന് എംബിഎ വിദ്യാർഥിയെ ആൾക്കൂട്ടം കുത്തിക്കൊന്നു

സംഭവത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുകയാണ്

Update: 2025-12-28 10:34 GMT

ഡെറാഡൂൺ: വംശീയ അധിക്ഷേപത്തെ തുടർന്നുള്ള ആൾക്കൂട്ടാക്രമണത്തിൽ ഡെറാഡൂണിൽ ത്രിപുരയിൽ നിന്നുള്ള എംബിഎ വിദ്യാർഥി മരിച്ചു.

ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറിൽ നിന്നുള്ള 24 വയസ്സുള്ള അവസാന വർഷ എംബിഎ വിദ്യാർഥിയായ അഞ്ജൽ ചക്മയാണ് കുത്തേറ്റു മരിച്ചത്.

ഡിസംബർ 9 ന് ആഞ്ജലിനെയും ഇളയ സഹോദരൻ മൈക്കിളിനെയും ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി, ചൈനക്കാരനായി ആക്ഷേപിച്ച് മാർക്കറ്റിൽ വച്ച് സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.

14 ദിവസത്തിലേറെയായി ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിൽ വച്ചായിരുന്നു യുവാവിൻ്റെ മരണം. "ഞങ്ങൾ ചൈനക്കാരല്ല... ഞങ്ങൾ ഇന്ത്യക്കാരാണ്. അത് തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റ് കാണിക്കണം?" എന്ന് ആഞ്ചൽ ചക്മ കരഞ്ഞ് പറഞ്ഞതിന് പിന്നാലെ കുത്തി വീഴ്ത്തുകയായിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ക്രൂരമായ അക്രമം നടത്തിയത്. കേസ് സംബന്ധിച്ച് ഡിസംബർ 14 ന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിലൊരാൾ നേപ്പാൾ സ്വദേശി ആണെന്നും ഇയാൾ നേപ്പാളിലേക്ക് കടന്നതായും വിവരമുണ്ട്. 

Advertising
Advertising

ആഞ്ചലിന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ദേശീയ നിയമം വേണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഡെറാഡൂണിലെ ജിഗ്യാസ സർവകലാശാലയിലെ അവസാന വർഷ എംബിഎ വിദ്യാർഥിയാണ് അഞ്ജൽ ചക്മ. ആഞ്ചലിന്റെ മരണത്തിലേക്ക് നയിച്ച വംശീയ ആക്രമണത്തെ ഡൽഹി ചക്മ സ്റ്റുഡന്റ്‌സ് യൂണിയനും ഡൽഹി നാഗാ സ്റ്റുഡന്റ്‌സ് യൂണിയനും ശക്തമായി അപലപിച്ചു.

നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ഒളിവിൽ പോയ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കെതിരായ വംശീയ അധിക്ഷേപം അവഗണിക്കാൻ കഴിയില്ല. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും അത്തരം കേസുകളിൽ ശിക്ഷ ഒഴിവാക്കുന്നത് കൂടുതൽ വംശീയ അക്രമങ്ങൾക്ക് ആക്കം കൂട്ടുകയേ ഉള്ളൂവെന്നും ഡൽഹിയിലെ നാഗാ സ്റ്റുഡന്റ്സ് യൂണിയൻ എഴുതിയ കത്തിൽ പറയുന്നു. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News