തമിഴ്‌നാട്ടിൽ ബിജെപിക്ക് തിരിച്ചടി; ടിടിവി ദിനകരനും എൻഡിഎ വിട്ടു
കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് അമിത് ഷാ തമിഴ്നാട് ബിജെപി നേതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് ദിനകരന്റെ പാര്‍ട്ടി വിടല്‍ പ്രഖ്യാപനം
ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടി സമ്മാനിച്ച് ടിടിവി ദിനകരന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി അണ്ണാ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) എന്‍ഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ദിനകരന്‍ തന്നെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഭാവി പദ്ധതികള്‍ ഡിസംബറില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എഎംഎംകെ വിജയ്‌യുടെ പാര്‍ട്ടിയുമായാണ് കൂട്ടുകെട്ടിന് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.
2026 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഒ പനീര്‍ ശെല്‍വം വിഭാഗം എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് ബിജെപി നേതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് ദിനകരന്റെ പാര്‍ട്ടി വിടല്‍ പ്രഖ്യാപനം.
'എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകരാണ് തന്നെ സമീപിച്ചത്. ഇതൊരു സാഹസിക തീരുമാനമല്ല, നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്. നമ്മള്‍ ബഹുമാനിക്കപ്പെടാതിരിക്കുമ്പോഴും ഒരു സ്ഥലത്ത് നമ്മുടെ ആവശ്യം ഇല്ലെങ്കിലും പുതിയ പാത രൂപപ്പെടുത്തണം. അതാണ് ഇപ്പോള്‍ ചെയ്തതും''- ഇങ്ങനെയായിരുന്നു ദിനകരന്റെ വാക്കുകള്‍
തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള തേവര്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ദിനകരന്‍.