ഇലോൺ മസ്‌കിന്റെ ബ്ലൂ ടിക്ക്, സാകേത് കോടതിയിലെ വെടിവയ്പ്പ്: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്

പണമടയ്ക്കാതെ ഇലോൺ മസ്‌കിന്റെ ചെലവിൽ ബ്ലൂ ടിക്ക് നിലനിർത്തപ്പെട്ട ചിലരുമുണ്ട്

Update: 2023-04-21 17:13 GMT
Advertising

സൺ റൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ

 ഐപിഎല്ലിലെ 29ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 135 റൺസ് വിജയലക്ഷ്യം. രവീന്ദ്ര ജഡേജയുടെ മിന്നും ബോളിങ് പ്രകടനമാണ് സൺറൈസേഴ്സിന് തിരിച്ചടിയായത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 134 റൺസ് നേടി. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ സൺ റൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ എന്ന് ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ

ഈദ് മുബാറക്

ചെറിയ പെരുന്നാൾ നിറവിലാണ് മുസ്‌ലിം മതവിശ്വാസികൾ. കേരളത്തിൽ നാളെയാണ് പെരുന്നാൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഇന്നാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. പെരുന്നാൾ ആഘോഷത്തിനായി കാത്തിരിക്കുന്ന ലോകത്തിനൊപ്പം ഈദ് മുബാറക് ഹാഷ്ടാഗുകളുമായി ട്വിറ്ററും സജീവമായിക്കഴിഞ്ഞു.

ആസ്‌ക് സച്ചിൻ

അർജുൻ തെൻഡുൽക്കറുടെ കന്നി ഐപിഎൽ ആഘോഷമാക്കുകയാണ് ആരാധകർ. ഹൈദരാബാദിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അർജുൻ വിക്കറ്റെടുത്തതിന്റെ സന്തോഷം അടങ്ങിയിട്ടില്ല ട്വിറ്ററിലിപ്പോഴും. വിശേഷങ്ങൾ പങ്കുവയ്ക്കാൻ സച്ചിൻ ആസ്‌ക് സച്ചിൻ എന്ന ചോദ്യോത്തര വേള നടത്തിയതും ട്വിറ്ററിൽ ട്രെൻഡിംഗായി.

അർജുൻ തെൻഡുൽക്കർ

അർജുൻ തെൻഡുൽക്കറിന്റെ കന്നി ഐപിഎൽ വിജയാഘോഷം ട്വിറ്ററിലിനിയും തീർന്നിട്ടില്ല. അർജുൻ തെൻഡുൽക്കർ ഹാഷ്ടാഗുകൾ ഇപ്പോഴും ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ.

ബോയ്‌ക്കോട്ട് ബോളിവുഡ്

സൽമാൻ ഖാൻ നായകനാകുന്ന കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമ പ്രദർശനത്തിനെത്തി. കൂടെ ബോയ്‌ക്കോട്ട് ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ സഹോദരി പ്രിയങ്ക സിങ് ആണ് ട്രെൻഡിന് തുടക്കമിട്ടത്. സൽമാൻ ഖാൻ അഭിനയിച്ചിരിക്കുന്ന സിനിമകൾ ബഹിഷ്‌കരിക്കുക എന്നതാണ് ആഹ്വാനം. ബോളിവുഡ് ഒരു ദിവസം തകരുമെന്ന് സുശാന്തിന് അറിയാമായിരുന്നുവെന്നും സുശാന്ത് നേരിട്ടത് ഇനിയൊരാളും നേരിടരുതെന്നും അതിനാൽ തന്നെ ബോളിവുഡ് ബഹിഷ്‌കരിക്കുക എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇലോൺ മസ്‌ക്

ട്വിറ്ററിൽ പണമടച്ച് ബ്ലൂ ടിക്ക് വാങ്ങേണ്ട അവസ്ഥ ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഡൊണാൾഡ് ട്രംപ്, ബിൽ ഗേറ്റ്‌സ്, വിരാട് കോഹ്‌ലി തുടങ്ങിയവരൊക്കെ പണമടച്ചാൽ മാത്രമേ ഇനി ബ്ലൂ ടിക്ക് ലഭ്യമാകൂ. എന്നാൽ പണമടയ്ക്കാതെ ഇലോൺ മസ്‌കിന്റെ ചെലവിൽ ബ്ലൂ ടിക്ക് നിലനിർത്തപ്പെട്ട ചിലരുമുണ്ട്. അമേരിക്കൻ എഴുത്തുകാരനായ സ്റ്റീഫൻ കിങ്, ബാസ്‌ക്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ് എന്നിവർക്കായാണ് ഇലോൺ മസ്‌ക് പണമടയ്ക്കുന്നത്. എന്തായാലും ഇലോൺ മസ്‌ക് ഹാഷ്ടാഗുകൾ സജീവമാണ് ട്വിറ്ററിൽ.

സത്യപാൽ മാലിക്

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സി.ബി.ഐ നോട്ടീസ്. ഈ മാസം 27ന് ഡൽഹി സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകി. കശ്മീർ റിലയൻസ് ഇൻഷുറൻസ് കേസിലാണ് ചോദ്യം ചെയ്യൽ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള സത്യപാൽ മാലികിൻറെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.

സാകേത് കോടതി

ഡൽഹി സാകേത് കോടതി വളപ്പിൽ വെടിവെപ്പ്. സ്ത്രീക്കും അഭിഭാഷകനും പരുക്കേറ്റു. അഭിഭാഷകൻ കാമേശ്വർ പ്രസാദാണ് വെടിയുതിർത്തത്. സാമ്പത്തിക തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി.

ഇന്നു രാവിലെ 11 മണിയോടെ മൂന്നാം നമ്പർ കോടതിക്ക് പുറത്താണ് വെടിവെപ്പ് ഉണ്ടായത്. സാകേത് കോടതിയിലെ അഭിഭാഷകൻ കാമേശ്വർ പ്രസാദ് നാല് തവണയാണ് വെടിയുതിർത്തത്. ബാർ കൗൺസിൽ ഡിബാർ ചെയ്ത അഭിഭാഷകനാണ് കാമേശ്വർ.

കാമേശ്വർ സ്ത്രീക്ക് 25 ലക്ഷം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം കോടതിയിൽ എത്തി. ഈ കേസിൽ ഹാജരാകാൻ എത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. വയറിന് വെടിയേറ്റതിനെ തുടർന്ന് യുവതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെച്ച ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് പിടികൂടി.

ഡൽഹിയിലെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറിൽ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികൾ രോഹിണി കോടതിയിലും വെടിവെപ്പ് നടത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News