രാഹുലിന്റെ ഫ്ലയിങ് കിസ്, തലൈവരുടെ ജയിലർ, 'വി' യുടെ 'ലവ് മി എഗയിൻ'; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്‌സ്

രാഹുൽ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി

Update: 2023-08-09 19:28 GMT

രാഹുലിന്റെ ഫ്ലയിങ് കിസ്

പ്രസംഗം കഴിഞ്ഞ് പാർലമെന്റ് വിട്ടുപോകവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് കൊടുത്തെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി.

'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേഫ്ലയിങ് കിസ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' - എന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

Advertising
Advertising

അതേസമയം പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് മഥുരയിൽ നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗം ഹേമാമാലിനി പറഞ്ഞു.

തലൈവരുടെ ജയിലർ നാളെ

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 'ജയിലർ' നാളെ തിയറ്ററുകളിലെത്തും. തലൈവരുടെ ചിത്രം റിലീസ് ചെയ്യുന്നതിൻറെ ആവേശത്തിൽ പ്രത്യേക പ്രാർഥനകളും വഴിപാടുകളും നടത്തുകയാണ് ആരാധകർ. മധുരയിലെ തിരുപ്പരൻകുണ്ഡരം അമ്മൻ ക്ഷേത്രത്തിൽ ആരാധകർ പ്രാർഥന നടത്തുന്നതിൻറെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചില ആരാധകർ ഇനി മദ്യപിക്കില്ലെന്നു പ്രതിജ്ഞ എടക്കുകയും ചെയ്തു.

മദ്യപാനമില്ലായിരുന്നെങ്കിൽ താനൊരു നല്ല മനുഷ്യനും നടനുമായേനെ എന്ന് രജനി ഓഡിയോ ലോഞ്ചിനിടെ പറഞ്ഞിരുന്നു. സ്ഥിരമായി മദ്യപിക്കരുതെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുകയും ചെയതു. അസുഖ ബാധിതനായതിനെ തുടർന്ന് വർഷങ്ങൾക്കു മുൻപാണ് രജനീകാന്ത് മദ്യപാനം ഉപേക്ഷിച്ചത്. രണ്ടു വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന രജനിയുടെ ചിത്രമാണ് ജയിലർ.

നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. രമ്യ കൃഷ്ണനാണ് രജനിയുടെ ഭാര്യയായി അഭിനയിക്കുന്നത്. ജാക്കി ഷറോഫ്, ശിവരാജ് കുമാർ, തമന്ന, വിനായകൻ,യോഗി ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സൺ പിക്‌ചേഴ്‌സിൻറെ ബാനറിൽ കലൈനിധി മാരനാണ് നിർമാണം. ക്യാമറ-വിജയ് കാർത്തിക് കണ്ണൻ,സംഗീതം-അനിരുദ്ധ് രവിചന്ദർ. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഒഴിവാക്കി സൻസദ് ടി.വി

രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന ദൃശ്യങ്ങൾ പാർലമെന്റിന്റെ ഔദ്യോഗിക ചാനലായ സൻസദ് ടി.വി ഒഴിവാക്കിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. 12.09 മുതൽ 12.46 വരെ 37 മിനിറ്റാണ് രാഹുൽ ഗാന്ധി അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. എന്നാൽ സൻസദ് ടി.വി വെറും 14 മിനിറ്റ് 37 സെക്കൻഡ് മാത്രമാണ് രാഹുലിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. മൊത്തം പ്രസംഗത്തിന്റെ വെറും 40% മാത്രമായിരുന്നു രാഹുലിന്റെ സ്‌ക്രീൻ ടൈം എന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു

കിസ്റ്റ്യാനോ റൊണാൾഡോ; ഏറ്റവും കൂടുതൽ ശബളമുള്ള കായിക താരം

2023ൽ ഏറ്റവും കൂടുതൽ തുക ശമ്പളയിനത്തിൽ നേടിയ കായിക താരം പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 136 മില്യൺ ഡോളറാണ് (ഏകദേശം ആയിരം കോടിയിലേറെ രൂപ) സൗദി പ്രോ ലീഗിൽ അൽനസ്ർ എഫ്.സിക്ക് വേണ്ടി കളിക്കുന്ന താരം ഈ വർഷം നേടിയിട്ടുള്ളത്. യു.എസ് ക്ലബായ ഇൻറർ മയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസിയാണ് കൂടുതൽ ശമ്പളം വാങ്ങിയ കായിക താരങ്ങളിൽ രണ്ടാമത് 130 മില്യൺ ഡോളറാണ് അർജൻറീനൻ സൂപ്പർ താരം നേടിയത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മൂന്നാമത്. നിലവിൽ പിഎസ്ജിക്കായി കളിക്കുന്ന താരം 120 മില്യൺ ഡോളറാണ് 2023ൽ നേടിയത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ 85 മില്യൺ ഡോളർ വരുമാനവുമായി 12ാം സ്ഥാനത്താണുള്ളത്. ഗ്ലോബൽ ഇൻഡക്സാണ് 2023ൽ വിവിധ കായിക താരങ്ങൾ ശമ്പളയിനത്തിൽ നേടിയ വരുമാനം പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ തരംഗമായി 'വി' യുടെ 'ലവ് മി എഗയിൻ'

ബി.ടി.എസ് താരം 'വി' ( കിം തഹ്യൂങ്)യുടെ പുതിയ ഗാനം 'ലവ് മി എഗയിൻ' പുറത്തിറങ്ങി. ഇതിനോടകം സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ച ഗാനം എട്ട് മിനിറ്റ് കൊണ്ട് ഒരു മില്ല്യൺ കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. 'ലേ ഓവർ' എന്ന താരത്തിന്റെ ആദ്യ ആൽബത്തിൽ നിന്നുള്ള ഗാനമാണിത്. ഗാനത്തോടൊപ്പം മ്യൂസിക്ക് വീഡിയോ കൂടി താരം പങ്കു വെച്ചിട്ടുണ്ട്.

ഡോൺ 3യുമായി ഫർഹാൻ അക്തർ

ഡോൺ 3യുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഫർഹാൻ അക്തർ. 'ഒരു പുതിയ യുഗം ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാൻ തകർത്തഭിനയിച്ച ചിത്രത്തിൽ ഇത്തവണ രൺവീർ സിങ് ആയിരിക്കും നായകനെന്നാണ് റിപ്പോർട്ട്.

അമിതാഭ് ബച്ചൻ നായകനായ ഡോണിൻറെ റീമേക്കായിരുന്നു ആദ്യത്തെ ഡോൺ. ഇത് സൂപ്പർഹിറ്റായിരുന്നു. പിന്നീട് പുറത്തിറങ്ങിയ രണ്ടാം ഭാഗവും വൻവിജയമായിരുന്നു. 2006ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. മാർക്ക് ഡൊണാൾഡ് അഥവാ ഡോൺ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. പ്രിയങ്ക ചോപ്രയായിരുന്നു നായിക. ഇഷ ഗോപികർ, കരീന കപൂർ, അർജുൻ രാംപാൽ,ഓംപുരി തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. 38 കോടി ബജറ്റിലൊരുക്കിയ ചിത്രം 106.34 കോടിയാണ് നേടിയത്. 2011 ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗം 203 കോടിയാണ് വാരിക്കൂട്ടിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News