നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം; മണിപ്പൂരിൽ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ശനിയാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ആറുവയസുകാരനും

Update: 2022-02-27 04:36 GMT
Editor : Lissy P | By : Web Desk
Advertising

മണിപ്പൂരിലെ ആദ്യഘട്ട നിയമസഭതെരഞ്ഞെടുപ്പിന് 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെ നടന്ന സ്‌ഫോടനത്തിൽ ആറുവയസുള്ള കുട്ടിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചുരാചന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവൽ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്ന് മണിപ്പൂർ പൊലീസ് സ്ഥിരീകരിച്ചു.ആറ് വയസ്സുള്ള മംഗ്മിൻലാൽ, 22 വയസ്സുള്ള ലങ്ഗിൻസാങ് എന്നിവരാണ് മരിച്ചത്.

സ്ഫോടനം യാദൃശ്ചികമായാണ് ഉണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സമീപത്തെ ബിഎസ്എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ പ്രദേശവാസികൾ എടുത്തപ്പോൾ പൊട്ടിയതാണെന്നും സംശയിക്കുന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും പരിക്കേറ്റ ഏഴുപേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് രണ്ടുപേർ മരണപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് ജില്ലാ കമ്മീഷണറും ജില്ലാ സൂപ്രണ്ടും പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സേനാംഗങ്ങളും സ്ഥലത്തെത്തി പരിശോധ തുടങ്ങിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് മോർട്ടാർ ഷെല്ലിന്റെ ഒരു ഫിൻ യൂണിറ്റും ചില്ലുകളും പൊലീസ്‌കണ്ടെത്തിയിട്ടുണ്ട്.

ജനുവരി എട്ടിന് മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ വലിയ അക്രമ സംഭവമാണ് ശനിയാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനം. 60 സീറ്റുകളുള്ള മണിപ്പൂർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കൾ, ശനി ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News