ശിക്ഷാ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ എം.പി പദവിയില്‍ അനിശ്ചിതത്വം

രാഹുലിനെ അയോഗ്യനാക്കണമെന്ന പാരാതിയിൽ സ്പീക്കർ നിയമോപദേശം തേടി

Update: 2023-03-24 05:03 GMT

Rahul Gandhi

Advertising

ന്യൂഡല്‍ഹി: മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയുടെ എം.പി പദവിയിൽ അനിശ്ചിതത്വം. രാഹുലിനെ അയോഗ്യനാക്കണമെന്ന പാരാതിയിൽ സ്പീക്കർ നിയമോപദേശം തേടി. നിയമനനടപടികൾ ആലോചിക്കാൻ കോൺഗ്രസ് പ്രിസിഡന്റ് മല്ലികാർജുൻ ഖാർഗെ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. മോദിയെ വിമർശിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തിൽ ശബ്ദമുയർത്തുന്നവരെ അംഗത്വമില്ലാതാക്കിയും ജയിലലടച്ചും നിശബ്ദമാക്കുന്ന ഈ സർക്കാരിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News