കര്‍ഷകരുമായി എപ്പോഴും ചര്‍ച്ചക്ക് തയാര്‍, അവര്‍ അന്നദാതാക്കളാണ് -കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

യു.പി.എ സർക്കാരിൻ്റെ കാലത്ത് ചെലവഴിച്ച തുകയേക്കാൾ കൂടുതൽ ഫണ്ട് കർഷകർക്കായി മോദി സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി യു.പി.എ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

Update: 2024-02-22 08:20 GMT
Advertising

ന്യൂഡല്‍ഹി: കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരുമായി ചര്‍ച്ചക്ക് എപ്പോഴും തയ്യാറണെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കര്‍ഷകര്‍ക്കായി ചെലവഴിച്ച തുകയെക്കാള്‍ മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകമെമ്പാടും രാസവളങ്ങളുടെ വില വര്‍ധിച്ചപ്പോള്‍ ഇന്ത്യയയില്‍ അത് തടഞ്ഞുനിര്‍ത്തുകയുണ്ടായി. സബ്‌സിഡിയായി മൂന്ന് ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗം അവരുമായി സംസാരിക്കലാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷം നിരന്തരം പ്രവര്‍ത്തിച്ച് കര്‍ഷകര്‍ക്ക് നാനോ യൂറിയ എത്തിച്ചു. ഗോതമ്പ്, നെല്ല്, എണ്ണക്കുരു എന്നിവക്കായി 5.50 ലക്ഷം കോടി മാത്രമാണ് യു.പി.എ സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ ചെലവഴിച്ചത്. എന്നാല്‍, 18.39 ലക്ഷം കോടിയാണ് മോദി സര്‍ക്കാര്‍ അനുവദിച്ചത്. ഇത് മൂന്ന് മടങ്ങ് കൂടുതലാണെന്നും താക്കൂര്‍ പറഞ്ഞു.

പയറു വര്‍ഗങ്ങള്‍ക്ക് യു.പി.എ സര്‍ക്കാര്‍ 1936 കോടി ചെലവഴിച്ചപ്പേള്‍ 55,000 കോടിയിലധികമാണ് മോദി സര്‍ക്കാര്‍ ചെലവഴിച്ചത്. കോണ്‍ഗ്രസിന്റെ കാലത്ത് കര്‍ഷകരോട് ബഹുമാനമുണ്ടായിരുന്നില്ല. ധനസഹായം നല്‍കുന്നതിലും നിരുത്തരവാദിത്വപരമായ നിലപാടാണ് ഉണ്ടായിരുന്നതെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

എണ്ണക്കുരുക്കള്‍ക്കായി യു.പി.എ സര്‍ക്കാര്‍ 11,000 കോടി ചെലവഴിച്ചപ്പോള്‍ 33,000 കോടി രൂപ മോദി സര്‍ക്കാര്‍ നല്‍കി. ഗോതമ്പിന് 2.80 ലക്ഷം രൂപ യു.പി.എ ചെലവഴിച്ചപ്പോള്‍ 12.80 ലക്ഷം ബി.ജെ.പി ചെലവഴിച്ചു. 12 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2.81 ലക്ഷം കോടി രൂപ നിക്ഷേപിച്ചത് മോദി സര്‍ക്കാറാണ്.

യു.പി.എ കാലത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്ക് കീഴില്‍ 1.54 ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കിയെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

യു.പി.എ കാലത്ത് ബാങ്കുകളില്‍ നിന്ന് പണം ലഭിച്ചിരുന്നില്ല. 2013-14 കാലയളവില്‍ 7.3 ലക്ഷം കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ 2021-22 കാലയളവില്‍ 20 ലക്ഷം കോടിയിലധികം മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കി. പ്രധാനമന്ത്രി സിച്ചായി യോജനക്ക് കീഴില്‍ 15,511 കോടി രൂപ ചെലവഴിച്ചു. ഇതാണ് കര്‍ഷകരോടുള്ള മോദി സര്‍ക്കാറിന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിവിധ ആവശ്യങ്ങളുമായി ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ പഞ്ചാബ് - ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുകയാണ്. യുവകര്‍ഷകന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടു ദിവസത്തേക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങില്ല എന്നാണ് കര്‍ഷക നേതാക്കളുടെ പ്രഖ്യാപനം.

കര്‍ഷക നേതാക്കള്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇന്ന് സന്ദര്‍ശിക്കും. അഞ്ചാംവട്ട ചര്‍ച്ചക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ക്ഷണം സംബന്ധിച്ച കര്‍ഷകര്‍ കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. അതിനിടെ സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം കരിമ്പ് ഉള്‍പ്പെടെയുള്ളവയുടെ മിനിമം താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്.

ശുഭ്കരണ്‍ സിംഗ് (21) എന്നയാളാണ് കഴിഞ്ഞദിവസം പൊലീസിന്റെ വെടിവെപ്പില്‍ മരിച്ചത്. ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ ഹരിയാന പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അറിയിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News