Writer - അൻഫസ് കൊണ്ടോട്ടി
anfas123
ലഖ്‌നൗ: അനധികൃതമായ കഫ്‌സിറപ്പുകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുപി പൊലീസ്. വലിയ അളവില്‍ നിയമാനുസൃതമല്ലാത്ത കഫ് സിറപ്പ് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറുടമകള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍ രജത് കുമാര്‍ പാണ്ഡെ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് എസ്പി ആയുഷ് സ്രീവാസ്ഥ പറഞ്ഞു.
മുഖ്യസൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന ശുഭം ജയ്‌സ്വാളിനും പിതാവ് ഭോല പ്രസാദിനുമെതിരെ ഗൂഢാലോചന, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി. 57 കോടിയോളം വിലമതിക്കുന്ന 37 ലക്ഷം കഫ്‌സിറപ്പ് ബോട്ടിലുകളാണ് പൊലീസ് പിടിച്ചെടുത്തത്. സമീപത്തുള്ള 12 മെഡിക്കല്‍ സ്റ്റോറുകളിലേക്ക് കൊണ്ടുപോകാന്‍ നിശ്ചയിച്ചുള്ള രേഖകളും പൊലീസ് കണ്ടെടുത്തു.
റാഞ്ചിയില്‍ നിന്ന് യുപിയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള സാധനങ്ങളാണെന്നാണ് രേഖകളിലുണ്ടായിരുന്നതെങ്കിലും ബിഹാര്‍, ജാര്‍ഗണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലേക്ക് അനധികൃതമായി കടത്താനായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി എസ്പി പറഞ്ഞു.