അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ 15കാരിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു; യുവാക്കൾ അറസ്റ്റിൽ

തന്നെ ഓട്ടോയിൽ ഡൽഹിയിൽ കൊണ്ടുവിടാൻ ആവശ്യപ്പെട്ട് കയറിയപ്പോഴായിരുന്നു സംഭവം.

Update: 2023-01-12 14:12 GMT

​ഗാസിയാബാദ്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നസീം (23), ജാഹിദ് (22) എന്നിവരാണ് അറസ്റ്റിലായത്.

തന്നെ ഓട്ടോയിൽ ഡൽഹിയിൽ കൊണ്ടുവിടാൻ ആവശ്യപ്പെട്ട് കയറിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ നാല് മണിക്കൂറോളം ​ഗാസിയാബാദ് ടൗണിലൂടെ ഓട്ടോയിൽ ചുറ്റിക്കറക്കിയ ശേഷം നിർമാണം നടക്കുന്ന കെട്ടിടത്തിനു താഴെ കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു. തുടർന്ന് അർധരാത്രി ഡൽഹി- മീററ്റ് എക്സ്പ്രസ് ഹൈവേയിൽ ഇറക്കിവിടുകയും ഡൽഹിയിലേക്ക് ബസിൽ കയറിപ്പോവാൻ പറയുകയും ചെയ്തെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

Advertising
Advertising

ബസിൽ കയറിയെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ അവിടെ തന്നെ ഇറങ്ങി. ഈ സമയം ഇതുവഴി വാഹനത്തിൽ പട്രോളിങ്ങിന് വന്ന പൊലീസുകാർ പെൺകുട്ടിയെ കാണുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഇവരോട് നടന്ന കാര്യങ്ങൾ വിവരിക്കുകയായിരുന്നു.

'വീട്ടുജോലികൾ ചെയ്യാൻ പറഞ്ഞപ്പോൾ അമ്മയോട് വഴക്കുണ്ടായി ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് പാലുവാങ്ങാനെന്ന വ്യാജേന പെൺകുട്ടി വീടുവിട്ടിറങ്ങുന്നത്. തുടർന്ന് ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ച് നടക്കാൻ തുടങ്ങി. ഏകദേശം 500 മീറ്റർ പിന്നിട്ടപ്പോൾ പ്രതികളായ യുവാക്കൾ ഓട്ടോയിലിരിക്കുന്നത് കാണുകയായിരുന്നു. പെൺകുട്ടിയുടെ അഭ്യർഥന മാനിച്ച് നാല് മണിക്കൂർ കൊണ്ട് ഡൽഹിയിലെത്തിക്കാം എന്ന് യുവാക്കൾ വാക്കുനൽകി'.

'എന്നാൽ അവളെ മണിക്കൂറുകൾ ടൗണിലൂടെ ചുറ്റിക്കറക്കിയ ശേഷം ഒരു കെട്ടിടത്തിനടിയിൽ കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു. തുടർന്ന് റോഡരികിൽ ഇറക്കിവിടുകയും ചെയ്തു. ബസിൽ കയറിയെങ്കിലും പണമില്ലാത്തതിനാൽ എക്സ്പ്രസ് വേയിൽ തന്നെ ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് പൊലീസ് സംഘമാണ് കണ്ടെത്തുന്നത്'- റൂറൽ ഡി.സി.പി ഇറാജ് രാജ പറഞ്ഞു.

'തുടർന്ന് പെൺകുട്ടിയെ പൊലീസ് സംഘം മുറാദ്ന​ഗർ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. പ്രതികളെ കുറിച്ച് പെൺകുട്ടി പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ഇരുവരേയും അറസ്റ്റ് ചെയ്തു. ഇരുവരും ഇ-റിക്ഷ ഓടിക്കുന്നവരാണ്'- അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമത്തിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ ചുമത്തി ഇരു യുവാക്കൾക്കുമെതിരെ കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും ഡി.സി.പി അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News